തൃശൂർ: പ്രളയ ദുരിതാശ്വാസ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാൻ സമയം നീട്ടിയതോടെ കളക്ടറേറ്റിൽ അപേക്ഷകരുടെ വൻതിരക്ക്. ഈമാസം 30നകം അപേക്ഷകൾ നല്കണമെന്നാണ് പുതിയ നിർദേശം. അർഹരായവർ ഇപ്പോഴും ലിസ്റ്റിനു പുറത്താണെന്ന പരാതിയുയർന്ന സാഹചര്യത്തിലാണ് അധികൃതർ സമയം നീട്ടിനല്കിയത്.ഈ തിങ്കളാഴ്ചയാണ് സമയം നീട്ടിയുള്ള ഉത്തരവ് ഇറങ്ങിയത്.
അപേക്ഷ സ്വീകരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും രേഖകളുടെ പരിശോധനയ്ക്കു സമയമെടുക്കുന്നതു തിരക്ക് വർധിപ്പിക്കാനും അപേക്ഷകരുടെ പരാതിക്കും ഇടയാക്കി. പ്രളയത്തിൽ ജില്ലയിൽ 2300 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്.
19 പേർ മരിച്ച കുറാഞ്ചേരിയിലെ ഉരുൾപൊട്ടലുൾപ്പെടെ കനത്ത നാശനഷ്ടമാണ് ജില്ലയിലുടനീളമുണ്ടായത്. 3597 വീടുകൾ പൂർണമായും, 324 എണ്ണം 75 ശതമാനവും, 23172 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ടെന്നാണ് ആദ്യഘട്ട വിവരശേഖരത്തിൽ കണ്ടെത്തിയത്. 26,700 അപേക്ഷകളാണ് പുതിയ വീടിനായി നേരത്തെ ലഭിച്ചിരുന്നത് രണ്ടും മൂന്നും തലത്തിൽ പരിശോധിച്ച് ഗ്രേഡ് തിരിച്ച് 21,000 പേരാണ് പട്ടികയിലിടം നേടിയത്.
പലയിടത്തും ഉദ്യോഗസ്ഥർ വേണ്ട രീതിയിൽ അന്വേഷണം നടത്താതെ റിപ്പോർട്ട് നൽകിയെന്നും, വില്ലേജിൽനിന്നും അപേക്ഷകൾ ജില്ലാ ആസ്ഥാനത്ത് എത്താതിരിക്കുകയും ചെയ്തുവെന്ന ആക്ഷേപവും ഉണ്ടായി. അപേക്ഷകർ പിന്നീട് കളക്ടറേറ്റിൽ എത്തിയെങ്കിലും സമയം കഴിഞ്ഞുവെന്നു പറഞ്ഞും പലതും നിരസിച്ചു. ഇപ്പോൾ സമയം ലഭിച്ചതോടെയാണ് വീണ്ടും അപേക്ഷയുമായി പ്രളയബാധിതർ എത്തിയത്.
വെള്ളക്കടലാസിൽ എഴുതി തയാറാക്കിയ അപേക്ഷയിൽ വീടിന്റെ കേടുപാടുകളുടെ വിശദാംശങ്ങൾ, അപേക്ഷകന്റെ മേൽവിലാസം, വില്ലേജ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പികൾ ഉൾപ്പെടുത്തിയാണ് പുതിയ അപേക്ഷ സമർപ്പിക്കേണ്ടത്.
ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു മാത്രം ജില്ലയ്ക്കു പ്രളയ ദുരിതാശ്വാസമായി 350 കോടി അനുവദിച്ചിരുന്നു. കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി 500 വീടുകൾ നിർമിക്കാനും തീരുമാനമുണ്ട്.