കരുവാരകുണ്ട്: പാണ്ടിക്കാട് കൊടശേരി തോടാലുങ്ങലിൽ അനുജൻ ജ്യേഷ്ഠനെ പെട്രോളൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി പോലീസ്. ഗുരുതര പരിക്കേറ്റ മന്പാടൻ ഷൗക്കത്തി (40)നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കു 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട സഹോദരൻ മുഹമ്മദി (31) നെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ തോടാലുങ്ങലിലെ വീട്ടിൽ വച്ചാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. പറന്പിലെ തേങ്ങയിട്ടതുമായി ബന്ധപ്പെട്ടു ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിലെത്തിച്ചതെന്നു പോലീസ് പറഞ്ഞു. സഹോദരൻമാരായ ഇവർ ഒരു വീട്ടിലാണ് താമസം. എന്നാൽ നിരന്തരം വാക്കേറ്റവും അടിപിടിയും ഉണ്ടാകാറുണ്ടെന്നു സമീപവാസികൾ പറയുന്നു.
നാൽപ്പതുകാരനായ ഷൗക്കത്ത് വിവാഹം കഴിക്കാത്തതു അനുജനായ 31 കാരൻ മുഹമ്മദിന്റെ വിവാഹത്തിനും തടസമായി. ഇക്കാരണത്താലാണ് ഇരുവരും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത്. ഇവരോടൊപ്പം താമസിച്ചിരുന്ന മാതാവ് ഇപ്പോൾ സഹോദരനൊപ്പം മാറിയാണ് താമസം. സംഭവം നടക്കുന്ന സമയത്ത് ഷൗക്കത്തും മുഹമ്മദും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
തേങ്ങയിട്ടതുമായി ബന്ധപ്പെട്ട തർക്കം മൂർഛിച്ചതിനെ തുടർന്നു പെട്ടെന്നു പ്രകോപിതനായ മുഹമ്മദ് തന്റെ ബൈക്കിൽ കരുതിയിരുന്ന പെട്രോൾ ഷൗക്കത്തിനു നേരെ ഒഴിക്കുകയും തുടർന്നു ലൈറ്റർ കത്തിച്ച് വിടുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. സംഭവം നടന്നതിനു ശേഷം മുഹമ്മദ് തന്നെയാണ് അടുത്തുള്ളവരെ ഫോണിൽ വിളിച്ചു സഹോദരനെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടത്. ഇതിനു ശേഷമാണ് ഇയാൾ ഒളിവിൽ പോയത്.
മലപ്പുറത്തു നിന്നു വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗധരും ഇന്നലെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പെട്രോൾ ഒഴിക്കാൻ ഉപയോഗിച്ച കുപ്പിയും മറ്റും ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഒളിവിൽ പോയ മുഹമ്മദിനായി പോലീസ് അന്വേഷണം തുടരുകയാണ്.
ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0483 2783222 എന്ന നന്പറിൽ അറിയിക്കണമെന്നു പാണ്ടിക്കാട് പോലീസ് അറിയിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം പ്രതിയെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. താമസിയാതെ ഇയാൾ പിടിയിലാകുമെന്നാണ് കരുതുന്നത്.