മുക്കം: ചട്ടവിരുദ്ധമായി ക്വാറികൾക്ക് പെർമിറ്റ് നൽകിയതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ കോഴിക്കോട് സീനിയർ ജിയോളജിസ്റ്റിനെ പ്രമോഷൻ നൽകി തിരുവനന്തപുരത്ത് ജിയോളജി ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടറാക്കാൻ നീക്കമെന്ന് ആക്ഷേപം.
സസ്പെന്ഡ് ചെയ്ത സംഭവത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടത്തിയതിനെ തുടർന്നാണ് നടപടി. അതേ സമയം ഇയാൾക്കെതിരെ വിജിലൻസ് കേസ് നിലവിലുണ്ടന്നും ഇതു മറച്ചു വെച്ചാണ് സ്ഥാനക്കയറ്റം നൽകാൻ നീക്കം നടക്കുന്നതെന്നും ആരോപിച്ച് പരിസ്ഥിതി പ്രവർത്തകരായ ജി.അജിത്കുമാറും കെ.ബാലകൃഷ്ണനും മുഖ്യമന്ത്രിക്ക് പരാതി നൽകി.
തീരുമാനം പുനപരിശോധിക്കണമെന്നും ഭൂരി പരിഷ്ക്കരണ നിയമത്തിലെ കെ.എൽ.ആർ ആക്ട് സെക്ഷൻ 81 പ്രകാരം തോട്ട ഭൂമികളിൽ ക്വാറികൾ പാടില്ലന്ന ഉത്തരവ് ലംഘിച്ച് ക്വാറികൾ അനുവദിക്കുകയും കൊടിയത്തൂർ വില്ലേജിലെ റീസർവെ 172 ൽ മിച്ചഭൂമിയിൽ പോലും ക്വാറികൾ അനുവദിക്കുകയും പാരിസ്ഥിതിക അനുമതി നൽകുകയും ചെയ്ത ആളാണ് ഇദ്ധേഹമെന്നും പരാതിയിൽ പറയുന്നു.
അനധികൃത ക്വാറികൾ സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി താലൂക്കിലെ വിവിധ ക്വാറികളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വലിയ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റായ ടി.മോഹനനെ സസ്പെന്ഡ് ചെയ്തത്.
സസ്പെന്ഡ് ചെയ്യുന്ന സമയം ഇയാൾ മലപ്പുറം ജില്ലാ സീനിയർ ജിയോളജിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു.
ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ട് പ്രമോഷൻ നൽകി സർവീസിൽ തിരിച്ചെടുക്കുന്നതെന്നാണ് സൂചന.