ഇടുക്കി: പീരുമേട് സബ് ജയിലിൽ മരിച്ച റിമാൻഡ് പ്രതി രാജ്കുമാറിന്റെ കുടുംബം കേസുമായി മുന്നോട്ടു പോകാതിരിക്കാൻ സിപിഎം ഇടപെടൽ. സിപിഎമ്മിന്റെ വാഗമണ് പ്രാദേശിക നേതൃത്വമാണ് രാജ്കുമാറിന്റെ ഭാര്യയെയും മറ്റും കണ്ടത്. പാർട്ടി പറയുന്നതു പോലെ കേട്ടില്ലെങ്കിൽ രാജ്കുമാർ തൂക്കുപാലത്ത് നടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന് കുടുംബം സമാധാനം പറയേണ്ടി വരും എന്ന രീതിയിലുള്ള ഭീഷണിയാണ് തോട്ടം തൊഴിലാളിയായ ഭാര്യയെയും മാതാവിനെയും സിപിഎമ്മിനൊപ്പം നിൽക്കാൻ ഇവർ കണ്ടെത്തിയ വഴിയെന്ന് ബന്ധു ക്കൾ പറഞ്ഞു.
വീടും പരിസരവും പാർട്ടി നിരീക്ഷണത്തിലാണെന്നും ഇവിടെ ആരൊക്കെ വരുന്നുണ്ടെന്നും പോകുന്നുണ്ടെന്നും സിപിഎം കാണുന്നുണ്ടെന്നും ഇവരുടെ ശ്രദ്ധയിൽപെടുത്തി. സിപിഎമ്മിന്റെ ഭീഷണി ഫലം കണ്ടതോടെ കുടുംബം, കേസുമായി മുന്നോട്ടു പോകുന്ന മറ്റു ബന്ധുക്കളെ ഇക്കാര്യത്തിൽ കാര്യമായി അടുപ്പിക്കുന്നില്ല. അതിനാൽ കേസിൽ മറ്റു ബന്ധുക്കൾ നടത്തുന്ന ശ്രമങ്ങൾക്ക് വേണ്ടത്ര ഫലം ലഭിക്കുന്നുമില്ല.
നെടുങ്കണ്ടത്തെ സിപിഎം നേതാക്കൾക്ക് ഹരിത തട്ടിപ്പ് കേസിൽ ബന്ധമുണ്ടെന്ന് കോണ്ഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് സിപിഎം രാജ്കുമാറിന്റെ ഭാര്യയുടെയും മറ്റും അടുത്തെത്തിയത്. ഇതോടെ മറ്റു ബന്ധുക്കളെ രാജ്കുമാറിന്റെ കുടുംബം അകറ്റി നിർത്തിയതായി ബന്ധുക്കൾ ആരോപിച്ചു. തട്ടിപ്പിൽ സിപിഎമ്മിന്റെ ബന്ധം മറ നീക്കിയതിന്റെ സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും ഇവർ പറയുന്നു.
ഇതിനിടെ രാജ്കുമാറിനു പോലീസ് സ്റ്റേഷനിൽ ക്രൂരമായ മർദമേറ്റെന്നും കുറ്റക്കാർക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കു പുറമെ ക്രിമിനൽ കേസെടുക്കണമെന്നും ഇയാളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് രാജ്കുമാറിന് മർദനമേറ്റതെന്ന പോലീസ് ഭാഷ്യം തെറ്റാണെന്നും ബന്ധുക്കൾ പറയുന്നു. വാഹനാപകടത്തിൽ കാലിന് കാര്യമായി പരിക്കേറ്റിരുന്ന രാജ്കുമാറിന് ഓടാൻ കഴിയില്ലെന്നും ഇവർ ആരോപിക്കുന്നു.
നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ വച്ചാണ് രാജ്കുമാറിന് മർദനമേറ്റതെന്നാണ് പോലീസിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം. ഒരു എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായ മർദനമുറകൾ ഇവിടെ അരങ്ങേറിയെന്നാണ് വിവരം.
പോസ്റ്റുമോർട്ടത്തിൽ നിന്നും ലഭിച്ച തെളിവുകൾ മർദമേറ്റെന്ന വിവരം സാധൂകരിക്കുന്ന തരത്തിലുള്ളവയാണ്. കാൽമുട്ടിനു താഴെ തൊലിയടർന്നു പോയത് മർദമേറ്റിട്ടാവാമെന്നാണ് ഡോക്ടർമാരും വെളിപ്പെടുത്തിയത്. നാലു ദിവസത്തെ കസ്റ്റഡി കാലാവധിക്കു ശേഷം പീരുമേട് സബ് ജയിലിൽ രാജ്കുമാറിനെ എത്തിക്കുന്പോൾ നിവർന്നു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നായിരുന്നു ജയിൽ അധികൃതർ വെളിപ്പെടുത്തിയത്. ചുമന്നാണ് ഇയാളെ ജയിലിൽ പ്രവേശിപ്പിച്ചത്.
ഇതിനിടെ റിമാൻഡ് പ്രതി മരിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം വൈകിയേക്കും. രാജ്കുമാറിന്റെ മരണത്തിനു പുറമെ ഇയാൾ നടത്തിയിരുന്ന തൂക്കുപാലത്തെ ഹരിതാ ഫിനാൻസ് കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പുമാണ് അന്വേഷിക്കുന്നത്. ഹരിത ഫിനാൻസിന്റെ പേരിൽ കോടികൾ തട്ടിയെടുത്തതായി പറയപ്പെടുന്നെങ്കിലും ഈ പണത്തിൽ വളരെ ചെറിയ തുക മാത്രമേ ഇതുവരെ കണ്ടെത്താനായുള്ളു.
കേസ് അന്വേഷിക്കുന്നതിനായി ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എ ആന്റണിയെ കഴിഞ്ഞദിവസം കേസ് ഏൽപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നിന്നും ജി.ഡി ഫയൽ ഉൾപ്പടെയുള്ള രേഖകൾ ശേഖരിച്ചിരുന്നു.
ഇന്നലെ അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുന്പാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. ഇതേസമയം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെക്കൂടി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തു.
എഎസ്ഐ റോയി പി വർഗീസ്, റൈറ്റർ ശ്യാം, സി.പി.ഒമാരായ സന്തോഷ്, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ റോയി, ശ്യാം, സന്തോഷ് എന്നിവരെ സ്ഥലം മാറ്റിയിരുന്നു. ഇതോടെ സസ്പെൻഷനിൽ ആയവരുടെ എണ്ണം എട്ടായി. നേരത്തെ എസ്.ഐ അടക്കം നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. പോലീസുകാർക്ക് വീഴ്ചയുണ്ടായെന്നും ഇവർക്കെതിരേ കൂടുതൽ നടപടിയുണ്ടാകുമെന്നും ഡിജിപി അറിയിച്ചിരുന്നു.
ജയിലുദ്യോഗസ്ഥരും ക്രൂരമായി മർദ്ദിച്ചെന്ന് സഹതടവുകാരൻ
ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന് ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനങ്ങളെന്ന് വെളിപ്പെടുത്തൽ. രാജ്കുമാറിന്റെ സഹതടവുകാരനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.
രാജ്കുമാറിനെ ജയിലിലേക്ക് എത്തിച്ചത് സ്ട്രെച്ചറിലാണ്. അപ്പോൾ തന്നെ തീർത്തും അവശ നിലയിലായിരുന്നു അയാൾ. എന്നാൽ ഇവിടെ എത്തിച്ചതിനു ശേഷം ജയിലുദ്യോഗസ്ഥരും അദ്ദേഹത്തെ മർദ്ദിച്ചു- സഹതടവുകാരൻ പറഞ്ഞു.
മൂന്ന് ദിവസം രാജ്കുമാർ വെള്ളം പോലും കുടിച്ചില്ല. നെഞ്ചുവേദന ഉണ്ടെന്നു പറഞ്ഞിട്ടു പോലും ചികിത്സ നൽകിയില്ല. ഒടുവിൽ മരിച്ചതിനു ശേഷമാണ് രാജ്കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നും ഇയാൾ വെളിപ്പെടുത്തി.