മുണ്ടക്കയം: മക്കളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വന്തമായി കിടപ്പാടം ഇല്ലാത്ത 35പേർക്ക് സൗജന്യമായി ഭൂമി നൽകി മാതൃകയാകുകയാണ് വ്യവസായിയും മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റുമായ മുണ്ടക്കയം നെൻമേനിയിൽ താമസക്കാരനായ അസീസ് ബഡായിലും ഭാര്യ സുനിതയും.
നാലുസെൻറ് സ്ഥലംവീതം 35പേർക്കാണ് വീടുവയ്ക്കാനുള്ള ഭൂമി സൗജന്യമായി നൽകുന്നത്. അസീസ് -സുനിത ദന്പതികളുടെ മക്കളായ ഡോ.നവീദ്, ഡോ.നാസിയ എന്നിവരുടെ വിവാഹം സെപ്റ്റംബർ മാസത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
കാസർഗോട്ടെ ഡോ. അമീറലിയുടെ മകൾ ആഷികയാണ് മകൻ നവീദിന്റെ വധു. മകൾ നാസിയയെ പത്തനാപുരം സ്വദേശിയും എൻജിനിയറുമായ ഹിസാമാണ് വിവാഹം കഴിക്കുന്നത്. മക്കളുടെ വിവാഹം ആലോചിച്ചപ്പോൾ തന്നെ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ സഹായിക്കണമെന്ന് ആലോചിച്ചിരുന്നു.
ഒടുവിൽ ഭൂരഹിതർക്ക് വീട് വയ്ക്കാൻ സ്ഥലം നൽകാൻ തീരുമാനിക്കുകയായിരുന്നു അസീസ് ബഡായിൽ. തന്റെ തീരുമാനത്തിനൊപ്പം ഭാര്യ സുനിതയും മക്കളും കൂടിയതോടെ കൂട്ടിക്കൽ ടൗണിനു സമീപം ഇതിനായി ഒന്നരയേക്കറിനോട് അടുത്തുവരുന്ന ഭൂമി അസീസ് മാറ്റിവച്ചു.
ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയാണ് ഇവർ ഇതിനായി വിനയോഗിക്കുന്നത്. 35പേർക്ക് ഭൂമി നൽകുന്നതിനായി ലഭിച്ചത് 120ഓളം അപേക്ഷകളാണ്. ഇതിൽ നിന്നും പൂർണമായി ഭൂരഹിതരെന്ന് ഉറപ്പുവരുത്തിയ 35പേരെയാണ് തെരഞ്ഞെടുത്തത്.
ഓഗസ്റ്റ് ആദ്യവാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരിലേക്ക് ആധാരം രജിസ്റ്റർ ചെയ്തു നൽകും. വിവിധ മതങ്ങളിൽപ്പെട്ട സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭൂരഹിതരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കൂട്ടിക്കൽ- പൂഞ്ഞാർ-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമീപമാണ് മുപ്പത്തഞ്ചു പേർക്കും സ്ഥലം നൽകുന്നത്.