മൂവാറ്റുപുഴ: മത്സ്യത്തിൽ വ്യാപകമായി രാസപദാർഥങ്ങൾ ചേർക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ മൂവാറ്റുപുഴയിലെ ചെറുകിട മത്സ്യവിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
ട്രോളിംഗ് നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർത്ത മത്സ്യം വിൽക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് ഓപ്പറേഷൻ സാഗർ റാണി രണ്ടിന്റെ ഭാഗമായി മത്സ്യവിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ക്വിക് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് നടന്ന പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ബൈജു പി. ജോസഫ്, കെ. വൈശാഖൻ, ഫിഷറീസ് ഉദ്യോഗസ്ഥ ദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂവാറ്റുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള മുഴുവൻ വില്പന കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിലും സമീപ ജില്ലകളായ ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലേക്കും ആവശ്യമായ മത്സ്യം പേഴയ്ക്കാപ്പിള്ളിയിലെ മൊത്തവിപണന മാർക്കറ്റിൽനിന്നുമാണ് ചെറുകിട വ്യാപാരികൾ വാങ്ങുന്നത്. ഓലക്കുടി, വറ്റ, കേര, ചൂര, റോഹ് തുടങ്ങിയ ഇനങ്ങളിലുള്ള മത്സ്യങ്ങൾ കൂടുതലും വർഷങ്ങളായി ആന്ധ്രയിൽനിന്നുമാണ് പേഴയ്ക്കാപ്പിള്ളി മാർക്കറ്റിൽ എത്തിച്ചേരുന്നത്.
ഏതാനും നാൾമുന്പ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഇവിടെനിന്നു കൊണ്ടുവരുന്ന വലിയ മത്സ്യങ്ങളിൽ അടക്കം ഫോർമാലിൻ, അമോണിയ ഉൾപ്പെടെയുള്ള രാസപദാർഥങ്ങൾ വ്യാപകമായ അളവിൽ ചേർക്കുന്നതായി കണ്ടെത്തിയിരുന്നു.