മതിലകം: മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ മോഷണം. നാലു ലക്ഷം രൂപയോളം നഷ്ടപ്പെട്ടു. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ലോക്കർ പൊളിച്ചാണ് മൂന്നേ മുക്കാൽ ലക്ഷം രൂപ കവർന്നത്.
സ്കൂൾ ഓഫീസിനു മുന്നിലെ ലൈറ്റ് ഓഫ് ചെയ്യാൻ ഇന്നു രാവിലെ ആറുമണിയോടെ എത്തിയ സെക്യൂരിറ്റിയാണ് ഓഫീസ് മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. സംഭവത്തെ തുടർന്ന് സെക്യൂരിറ്റി സ്കൂൾ സെക്രട്ടറിയെയും, പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
മതിലകം എസ് ഐ കെ.പി.മിഥുനും സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പണം നഷ്ടമായ വിവരം അറിയുന്നത്. ഓഫീസ് റൂം, പ്രധാന അധ്യാപകന്റെ മുറി, സ്റ്റാഫ് റൂം എന്നിവ തുറന്ന് കിടക്കുകയായിരുന്നു. സിസി ടിവി ഡിവി ആറും മോഷ്ടാക്കൾ കടത്തി. സ്ക്കൂളിന്റെ മൊത്തം താക്കോൽ കൂട്ടവും നഷ്ടപ്പെട്ടു. വിദ്യാർത്ഥികളുടെ യൂണിഫോമിന്റെ പണമാണ് നഷ്ടപ്പെട്ടത്. എല്ലാ പൂട്ടുകളും പൊളിച്ച നിലയിലാണ്.
മതിലകം പോലീസ് അന്വേഷണം തുടങ്ങി. ദേശീയപാതയോട് ചേർന്നാണ് സ്ക്കൂൾ തീര മേഖലയിൽ മോഷണം വ്യാപകമാകുകയാണ്. ഒരാഴ്ച മുന്പാണ് ദേശീയ പാതയോരത്തെ പനങ്ങാട് സ്ക്കൂളിൽ മോഷണം നടന്നിരുന്നു. ഇവിടെ നിന്നും പതിനായിരം രൂപ നഷ്ടപ്പെട്ടിരുന്നു.