തിരുവനന്തപുരം: പ്രളയത്തില്‍ നിന്ന് കരകയറാന്‍ ലോകബാങ്കില്‍ നിന്ന് കടംവാങ്ങുന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായി. അതുകൊണ്ടു തന്നെ ഖജനാവിലേക്ക് വരുന്ന കാശ് അടിച്ചു പൊളിക്കാനുള്ള തയ്യാറെടുപ്പുകള്‍ പിണറായി സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. നിയമസഭയ്ക്കായി പുതിയ ചാനല്‍ തുടങ്ങുമെന്നാണ് വിവരം. ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകരെ സ്ഥിരപ്പെടുത്താനാണിത്. മുഖ്യമന്ത്രിയുടെ ഓഫീസിലും മറ്റും നിരവധി ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയ ടീമിനെ രൂപപ്പെടുത്താനും ശ്രമിച്ചു. ഇത് വാര്‍ത്തയായതോടെ പൊളിഞ്ഞു. ഈ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് പുതിയ നിയമസഭാ ചാനല്‍
നിലവിലില്ലാത്ത വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കു വേണ്ടിയും സര്‍ക്കാര്‍ പുതിയ കാര്‍ വാങ്ങാനൊരുങ്ങുകയാണ്. ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും മറ്റും കാറുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഉത്സാഹിക്കുന്ന സര്‍ക്കാര്‍ വീണ്ടും 14 കാറുകള്‍ കൂടി വാങ്ങുന്നതിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെല്ലാം കാറുകള്‍ ആവശ്യത്തിനുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പേരില്‍ ഇനി കാറുകളൊന്നും വാങ്ങാനാകില്ല. അതുകൊണ്ടാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടറുടെ പേരില്‍ കാറുവാങ്ങല്‍. ധൂര്‍ത്തിന്റെ പുതിയ തലത്തിലേക്ക് കാര്യങ്ങളെത്തുന്നതിന്റെ സൂചനയാണ് ഇത്. നിയമസഭാ ടിവി കൂടിയാകുമ്പോള്‍ ഖജനാവിന് ബാധ്യത കൂടും. ചെലവ് കുറയ്ക്കുമെന്നായിരുന്നു അധികാരത്തില്‍ എത്തുമ്പോള്‍ പിണറായിയുടെ പ്രഖ്യാപനം. ഇത് ജലരേഖയാവുകയാണ്.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതോടെ വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍മാര്‍ക്കും ഡിപിഐക്കും പകരം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്ന ഒറ്റ തസ്തികയേ ഇപ്പോഴുള്ളൂ. ഇക്കാര്യം പോലും പരിശോധിക്കാതെയാണ് വിഎച്ച്എസ്ഇ ഡയറക്ടര്‍ എന്ന ഇല്ലാത്ത ഉദ്യോഗസ്ഥനു വേണ്ടിയും സര്‍ക്കാര്‍ കാര്‍ വാങ്ങുന്നത്. മുന്‍പ് വാങ്ങിയ ആറു കാറുകള്‍ക്കും പുതുതായി വാങ്ങുന്ന 14 കാറുകള്‍ക്കുമായി ധനമന്ത്രി നിയമസഭയില്‍ ഉപധനാഭ്യര്‍ഥന വച്ചു. 4 വിവരാവകാശ കമ്മിഷന് അംഗങ്ങള്‍, കെല്‍പാം ചെയര്മാന്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, കേരള ജുഡീഷ്യല്‍ കമ്മിഷന്, ഇടുക്കി ലേബര്‍ കോടതി, സഹകരണ ട്രിബ്യൂണല്‍ തുടങ്ങിയവര്‍ക്കു വേണ്ടിയാണു പുതിയ കാറുകള്‍ വാങ്ങുന്നത്.
ഇന്നോവ ആവശ്യപ്പെട്ട വിവരാവകാശ കമ്മീഷണര്‍മാരെ മാരുതി സിയാസിലേക്ക് ഒതുക്കിയതാണ് ആകെയുള്ള ചെലവു ചുരുക്കല്‍. ആകെ 1.42 കോടി രൂപയാണു കാര്‍ വാങ്ങുന്നതിനു പ്രാഥമികമായി അനുവദിച്ചത്. വാങ്ങുമ്പോള്‍ അധികം വരുന്ന തുക സര്‍ക്കാര്‍ അനുവദിച്ചു നല്‍കും. ഇതെല്ലാം പ്രളയത്തിനുള്ള ലോകബാങ്ക് വായ്പ വരുന്നതുകൊണ്ട് തന്നെ വലിയ പ്രശ്നമില്ലാതെ വാങ്ങാനും കഴിയും. കേരള നിയമസഭാ നടപടിക്രമങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് ‘സഭാ ടിവി’ തുടങ്ങുന്നത്. ആദ്യഘട്ടമായി വിവിധ ചാനലുകളില്‍ പ്രത്യേക പരിപാടിയായിട്ടാകും സംപ്രേഷണം. വിജയകരമായാല്‍ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു രാജ്യസഭാ, ലോക്സഭാ ടിവി മാതൃക കേരളത്തിലും പിന്തുടര്ന്നേക്കാം.
പ്രളയം കാരണം ചെലവ് ചുരുക്കലിന് വേണ്ടി മുമ്പ് വേണ്ടെന്ന് വച്ച ചീഫ് വിപ്പ് പദവി ഏറ്റെടുക്കാന്‍ തീരുമാനിച്ചതിലൂടെ സിപിഐയും പുതിയ നിര്‍വചനമുള്ള ചെലവു ചുരുക്കലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഒരാവശ്യവുമില്ലാത്ത പദവി ഏറ്റടുക്കുന്നതിലൂടെ വലിയ സാമ്പത്തിക ബാധ്യതയാകും ഖജനാവിന് ഉണ്ടാവുക. ഇതിന് പുറമേയാണ് പിഎം മനോജിനെ അടക്കം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചത്. ജോണ്‍ ബ്രിട്ടാസും പ്രഭാവര്‍മ്മയും അബുബേക്കറും ഉള്‍പ്പെടെയുള്ള ഇടത് മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമെയാണ് ഇപ്പോള്‍ പിഎം മനോജിന്റെ വരവും. ഇതു കൊണ്ടൊക്കെ ചെലവ് വല്ലാതങ്ങു ചുരുങ്ങുമെന്നുറപ്പ്.