കോട്ടയം: സ്കാനിംഗ് സെന്ററുകൾക്കു മൂക്കുകയറുമായി ആരോഗ്യ വകുപ്പ്. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തുന്നതല്ലെന്ന അറിയിപ്പ് സ്കാനിംഗ് സെന്ററുകളിൽ പ്രദർശിപ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. ഭ്രൂണലിംഗ നിർണയം നിരോധിക്കുന്ന പി എൻഡിടി നിയമം പാലിക്കാത്ത സ്കാനിംഗ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പിഎൻഡിടി നിയമം നടപ്പാക്കുന്നതിന്റെ ചുമതലയുള്ള ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് താലൂക്ക് ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി.
ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സബ്ഡിവിഷണൽ കമ്മിറ്റി പരിശോധന നടത്തും. ജില്ലയിൽ 148 സ്വകാര്യ സ്കാനിംഗ് സെന്ററുകളാണ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിനും സ്കാനിംഗ് ഉപകരണങ്ങൾക്കും ആരോഗ്യ വകുപ്പിന്റെ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. അൾട്രാ സൗണ്ട്, റേഡിയോളജി സാങ്കേതികവിദ്യയിൽ പ്രാവീണ്യവും മതിയായ പരിശീലനവും നേടിയ ഡോക്ടർമാരും ഇത്തരം സ്ഥാപനങ്ങളിലുണ്ടാവണം.
ലൈസൻസ് എല്ലാ വർഷവും പുതുക്കണം. ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ പുതിയ ഉപകരണങ്ങൾ വാങ്ങുവാനോ ഉപയോഗത്തിലുള്ളവ നീക്കം ചെയ്യുവാനോ പാടില്ല. അറ്റകുറ്റപ്പണി നടത്തുന്നതിനും മുൻകൂർ അനുമതി തേടണം. സ്കാനിംഗ് സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സ്ഥാപനത്തിൽ സൂക്ഷിക്കണം. സ്കാനിംഗുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന് എല്ലാ മാസവും റിപ്പോർട്ട് നൽകണം.
ഈ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നാണ് സബ്ഡിവിഷണൽ കമ്മിറ്റി പരിശോധിക്കുക. സെന്ററുകളുടെ പ്രവർത്തനത്തിലെ അപാകതകളും അതിൽ സ്വീകരിച്ച നടപടികളും സംബന്ധിച്ച് സമിതി നൽകുന്ന പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക.