ഗാന്ധിനഗർ: റിമാൻഡിലിരിക്കെ മരിച്ച പ്രതി രാജ്കുമാറിന് ചികിത്സ നല്കിയ കാര്യത്തിൽ വ്യക്തതയില്ല. മെഡിക്കൽ കോളജിൽ രണ്ടു തവണ എത്തിച്ച് ചികിത്സ നല്കിയെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ആയതിന്റെ തെളിവ് ആശുപത്രിയിലില്ല. ചികിത്സിച്ചതായി ഡോക്ടർമാരും ഓർക്കുന്നില്ല.
ഇതോടെ രാജ്കുമാറിനെ ചികിത്സിച്ചത് ഏത് ആശുപത്രിയിലാണെന്ന കാര്യത്തിൽ ദുരൂഹതയേറുന്നു. ഇനി മെഡിക്കൽ കോളജിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ഗുരുതരമായ രോഗം ബാധിച്ചയാളെ അഡ്മിറ്റു ചെയ്യാതെ പറഞ്ഞയച്ചതിന് മെഡിക്കൽ കോളജിലെ ഡോക്ടർമാരും കുറ്റക്കാരാവും.
വാഗമണ് കോലാഹലമേട് കസ്തൂരി ഭവനിൽ രാജ്കുമാർ (50) ആണ് റിമാൻഡിലിരിക്കെ മരിച്ചത്. മെഡിക്കൽ കോളജിൽ എത് ദിവസം, ഏത് വിഭാഗത്തിലെ ഡോക്ടറെ കാണിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നില്ല. ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളജിൽ കൊണ്ടു വന്നാൽ അവിടെ കിടത്തി ചികിത്സിക്കുന്നതിനായി പ്രവേശിപ്പിക്കും.
അങ്ങനെ പ്രവേശിപ്പിക്കുന്പോൾ ആശുപത്രി രേഖകളിൽ ഇയാളുടെ മേൽവിലാസം രേഖപ്പെടുത്തും. റിമാൻഡ് പ്രതിയാണെങ്കിൽ ബന്ധപ്പെട്ട ജയിലിലെ മേൽവിലാസമായിരിക്കും രേഖപ്പെടുത്തുക. അത്യാഹിത വിഭാഗത്തിലാണ് കൊണ്ടുവന്നതെങ്കിൽ അവിടെയും പേര് എഴുതി വയ്ക്കും. എന്നാൽ അഡ്മിഷൻ രേഖകളിലോ അത്യാഹിത വിഭാഗം രേഖകളിലോ ഇയാളുടെ പേര് രേഖപ്പെടുത്തിയതായി കാണുന്നില്ല.
ഇനി ഒ.പി.വിഭാഗത്തിലാണ് രാജ്കുമാറിനെ കൊണ്ടുവന്നതെങ്കിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതിരുന്നത് വീഴ്ചയാണ്. ന്യൂമോണിയ ബാധിച്ചാണ് ഇയാൾ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അങ്ങനെയെങ്കിൽ പോലീസ് ഇയാളെ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗത്തിൽ കാണിച്ചിരുന്നോയെന്ന സംശയവും നിലനിൽക്കുന്നു.
കടുത്ത പനിയുള്ള ഒരാളെ ഒ.പി.യിൽ കൊണ്ടു വന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു കാരണവശാലും പറഞ്ഞ് അയക്കില്ലെന്നും ഒരു ദിവസം കൊണ്ടല്ല ന്യൂമോണിയ ഉണ്ടായി രോഗി മരിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. കൂടാതെ ഒ പി.യിൽ വന്ന ഒരു രോഗിക്ക് ഹൃദ്രോഗം വന്നാൽ അടിയന്തരമായി സി.പി.ആർ നൽകുകയും ശേഷം രോഗിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്യുന്നതാണ് രീതി.
എന്നാൽ രാജ് കുമാറിനെ അഡ്മിറ്റ് ചെയ്തതായി രേഖകളില്ലാത്തതിനാൽ പിന്നെ എവിടെയാണ് സി.പി.ആർ നൽകിയതെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. സാന്പത്തിക തട്ടിപ്പ് കേസിൽ 16ന് അറസ്റ്റ് ചെയ്ത നെടുങ്കണ്ടം പോലീസ് അന്നുതന്നെ പീരുമേട് സബ് ജയിലിലേക്ക് മാറ്റിയിരുന്നെന്നും ഹൃദ് രോഗത്തെ തുടർന്ന് 21ന് രാവിലെ ജയിലിൽ വച്ച് മരിച്ചെന്നുമാണ് പോലീസും ജയിൽ അധികൃതരും പറയുന്നത്.
22ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പ്രതിയുടെ കാലുകൾക്ക് നിരവധി പരിക്ക് ഉണ്ടായിരുന്നെന്നും എന്നാൽ ന്യൂമോണിയയാണ് മരണകാരണമെന്നുമാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പിന്നീട് കോടതിക്ക് കൈമാറിയ സന്പൂർണ റിപ്പോർട്ടിൽ ഇയാളുടെ വാരിയെല്ലിന് പൊട്ടൽ ഉണ്ടായിരുന്നെന്നും അത് ഹൃദ്രോഗിക്ക് കാർഡിയാക് മെസേജ് (സി.പി.ആർ) നൽകുന്പോൾ സംഭവിച്ചതാണെന്നുമാണ് വിശദീകരണം.
എന്നാൽ രാജ്കുമാറിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സി.പി.ആർ നൽകിയതായി രേഖകളില്ല. ഒരു കാരണവശാലും സി.പി.ആർ നൽകിയ രോഗിയെ ആശുപത്രിയിൽ നിന്ന് പറഞ്ഞയയ്ക്കത്തില്ല. അല്ലെങ്കിൽ ബന്ധപ്പെട്ടവരുടെ സമ്മതപ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതായി ആശുപത്രി രജിസ്റ്ററിൽ എഴുതി വച്ച ശേഷമേ കൊണ്ടുപോകാറുള്ളൂ. അത്തരത്തിൽ ഒരു നടപടി പോലിസിന്റെയോ, ജയിൽ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല.
അതിനാൽ രോഗം മൂലമാണ് രാജ്കുമാർ മരിച്ചതെങ്കിൽ ഇയാൾക്ക് രോഗം വന്നപ്പോൾ ഏതൊക്കെ ആശുപത്രിയിൽ കൊണ്ടുപോയി ഏതൊക്കെ ചികിത്സ നടത്തിയെന്നു കൂടി അധികൃതർ പറയാൻ തയ്യാറാവണമെന്നും, ഇത്ര ഗുരുതരമായ രോഗമുള്ള ഒരാളെ മെഡിക്കൽ കോളജ് ആശുപത്രി ഒ.പി.യിൽ എത്തിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട വാർഡിൽ പ്രവേശിപ്പിക്കാതെ പറഞ്ഞുവിട്ട വിഭാഗത്തിലെ ഡോക്ടർമാരും രാജ്കുമാറിന്റെ മരണത്തിന് ഉത്തരവാദികളാണെന്നും അങ്ങനെയെങ്കിൽ അവർക്കെതിരേയും കേസ് എടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.