ഋഷി
നല്ല സിനിമകൾ മലയാളത്തിന് സമ്മാനിച്ച കുടുംബ ചിത്രസംവിധായകൻ എന്ന് അറിയപ്പെട്ട ബാബുപിഷാരടി എന്ന ബാബു നാരായണന് നല്ലൊരു തിരിച്ചുവരവ് വേണമെന്നുണ്ടായിരുന്നു.നൂറാ വിത്ത് ലൗ എന്ന സിനിമ ബാബുവിന്റെ പതിവ് സിനിമകൾ പോലെ പ്രേക്ഷകർ സ്വീകരിക്കാതിരുന്നത് ബാബുവിന് നിരാശയുണ്ടാക്കിയിരുന്നുവെങ്കിലും മികച്ച ഒരു കുടുംബചിത്രം ഒരുക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് സിനിമയെ ഒരുപാട് സ്നേഹിച്ച തൃശൂരിന്റെ പ്രിയപ്പെട്ട ബാബു യാത്രയാകുന്നത്.
സ്വതന്ത്ര സംവിധായകനായിക്കഴിഞ്ഞാൽ പിന്നീട് സംവിധാന സഹായിയായി വർക്ക് ചെയ്യാൻ ഭൂരിഭാഗം സംവിധായകർക്കും മടിയാണ്. എന്നാൽ തന്റെ ഗുരുകൂടിയായ ഹരിഹരൻ കേരളവർമ പഴശിരാജ സംവിധാനം ചെയ്യുന്പോൾ സംവിധാന സഹായിയായി പഴയശിഷ്യൻ ബാബുവിനെയാണ് വിളിച്ചത്.
പഴശിരാജയ്ക്ക് എടച്ചേനി കുങ്കൻ തുണയായ് നിന്നപോലെ ഹരിഹരന് പഴശിരാജ അതിന്റെ പൂർണതയിലെത്തിക്കാൻ കൈയും മെയ്യും മറന്ന് ബാബു കൂടെ നിന്നു. പഴശിരാജയുടെ വർക്കുകൾ കഴിഞ്ഞ് ഒരു ദിവസം തൃശൂരിലെത്തിയ ബാബുവിനോട് സംവിധായകന്റെ റോളിൽ നിന്ന് സംവിധാനസഹായി ആയതെന്തിനായിരുന്നുവെന്ന് ചോദിച്ചപ്പോൾ ബാബു പറഞ്ഞത് ഗുരുവിൽ നിന്ന് ഒരിക്കലും പഠിച്ചു തീരില്ല എന്നാണ്.
ഹരിഹരൻ സാറും എം.ടി.സാറും മമ്മൂക്കയടക്കമുള്ള താരനിരയും റസൂൽപൂക്കുട്ടിയുമൊക്കെയുള്ള ഒരു വന്പൻ പ്രൊജക്ടിൽ സംവിധാന സഹായിയായി പോയാലും ഏറെ പഠിക്കാനുണ്ട്. റസൂൽ പൂക്കുട്ടിയുടെ ശബ്ദലേഖന ടെക്നിക്കുകൾ അടുത്തുനിന്ന് കണ്ടറിയാൻ സാധിച്ചു. അങ്ങിനെ പലതും… സംവിധായകനായതുകൊണ്ട ് സംവിധാനസഹായി ആവില്ലെന്ന് കടുംപിടുത്തം പിടിച്ചിരുന്നുവെങ്കിൽ എനിക്കതൊന്നും മനസിലാക്കാൻ പറ്റുമായിരുന്നില്ല – ബാബു അന്ന് പറഞ്ഞത് അതാണ്.
സംവിധായകനായി രജിസ്റ്റർ ചെയ്യപ്പെട്ടപ്പോഴും താനൊരു സിനിമ വിദ്യാർഥിയാണെന്ന ബോധം ബാബുവിനുണ്ടായിരുന്നു. മാറുന്ന സിനിമയെ മനസിലാക്കാൻ ബാബു സദാ ശ്രമിച്ചിരുന്നു. സംവിധായകൻ അനിലിനൊപ്പം ചേർന്ന് ബാബു ഒരുക്കിയതെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമകളായിരുന്നു. ജഗദീഷ്, സിദ്ദിഖ്, ജയറാം, സുരേഷ്്ഗോപി, ഇന്നസെന്റ്, കലാഭവൻമണി തുടങ്ങിയ താരങ്ങളെയെല്ലാം മികച്ച രീതിയിൽ ഉപയോഗിക്കാൻ അനിൽ ബാബുവിന് കഴിഞ്ഞു.
മാന്ത്രികചെപ്പ്, വെൽക്കം ടു കൊടൈക്കനാൽ, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, സ്ത്രീധനം, കുടുംബവിശേഷം, രഥോത്സവം, പട്ടാഭിഷേകം, ഉത്തമൻ, പകൽപൂരം, വാൽക്കണ്ണാടി, ഞാൻ സൽപേര് രാമൻകുട്ടി, അരമനവീടും അഞ്ഞൂറേക്കറും തുടങ്ങിയ സിനിമകളെല്ലാം മലയാളിക്ക് മറക്കാനാകാത്തവയാണ്.ഇപ്പോഴും ചാനലുകളിൽ ഈ സിനിമകൾ വരുന്പോൾ അവ കണ്ടിരിക്കാൻ മുഷിപ്പു തോന്നാറില്ലെന്നതാണ് സത്യം.
പറയാം എന്ന ചിത്രത്തിന് ശേഷം അനിൽ ബാബുമാർ പിരിഞ്ഞു. മലയാളസിനിമാ ആസ്വാദകർക്ക് ആ കൂട്ടുകെട്ട് പിരിഞ്ഞത് വിഷമമുണ്ടാക്കിയിരുന്നു. പിന്നീട് നീണ്ട പത്തുവർഷത്തിനുശേഷമാണ് ടു നൂറാ വിത്ത് ലൗ എന്ന സിനിമ ബാബു നാരായണൻ സംവിധാനം ചെയ്യുന്നത്.കോഴിക്കോട് സ്വദേശിയാണ് ബാബുവെന്ന് പലർക്കും അറിയില്ല. ഭാര്യ ജ്യോതിലക്ഷ്മിയുടെ നാട് കണ്ണൂരും.
ജ്യോതിലക്ഷ്മിയുടെ അമ്മ ചന്ദ്രമതിയുടെ ജോലിയുമായി ബന്ധപ്പെട്ടാണ് ബാബുവും ഭാര്യയും തൃശൂരിൽ സെറ്റിൽ ചെയ്തത്. പിന്നെ ഈ തൃശൂർ ബാബുവിന് ഏറെ പ്രിയപ്പെട്ടതായി. മകൾ ശ്രാവണ കുഞ്ചാക്കോ ബോബന്റെ നായികയായി ലാൽജോസ് ചിത്രമായ തട്ടിൻപുറത്ത് അച്യുതനിൽ അഭിനയിച്ചതും മകൻ ദർശൻ അതേ സിനിമയിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിക്കുന്നതും നിറഞ്ഞ മനസോടെ ബാബു കണ്ടു
സംഗീതത്തെ ഒരുപാട് സ്നേഹിച്ച ബാബു സംഗീതനൃത്തശിൽപങ്ങൾ ഒരുക്കിയിരുന്നു. മകൾ ശ്രാവണയെ ലാൽജോസ് കാണുന്നത് തന്നെ അത്തരമൊരു സംഗീതപരിപാടിയിൽ വച്ചായിരുന്നു. സിനിമ സംബന്ധിയായ പരിപാടികളുടെ മികച്ച സംഘാടകൻ കൂടിയായിരുന്നു ബാബു. തൃശൂരിലടക്കം കേരളത്തിന്റെ പലഭാഗങ്ങളിലും നടന്ന സിനിമപരിപാടികളിൽ ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.
എത്ര ടെൻഷനുണ്ടെങ്കിലും അതിനെയൊക്കെ നിറഞ്ഞ ചിരികൊണ്ട ് മായ്ക്കാനും മറയ്ക്കാനും ബാബുവിനുണ്ട ായിരുന്നത് പ്രത്യേക കഴിവായിരുന്നു. ആ ചിരി ഇനിയില്ല…. വിധി അപ്രതീക്ഷിതമായി ആ ചിരിക്ക് കട്ട് പറഞ്ഞിരിക്കുന്നു…