അങ്കമാലി: വൈദ്യുതി കണക്ഷൻ നൽകുന്നതു സംബന്ധിച്ച് കെഎസ്ഇബിയുമായുള്ള തർക്കം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യുവസംരഭകന്റെ ആത്മഹത്യ ശ്രമം. കറുകുറ്റി ന്യൂ ഇയർ കുറീസ് ഉടമ എം.ബി പ്രസാദാണ് ഇന്നു രാവിലെ ഏഴരയോടെ കഴുത്തിൽ കയർ കുരുക്കിട്ട് കറുകുറ്റി വൈദ്യുതി ഓഫീസിലെ മരത്തിൽ കയറിയത്.
കറുകുറ്റി കമ്പനിപ്പടിയിലുള്ള ന്യൂ ഇയർ ഗ്രൂപ്പിന്റെ ബഹുനില കെട്ടിടത്തിലേക്കു പുതിയ വൈദ്യുതി കണക്ഷൻ നൽകുന്നില്ലെന്നാരോപിച്ച് ഉടമ എം.ബി പ്രസാദ് ഓഫീസിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ചിരുന്നു. സമരം ആരംഭിച്ച് 110 ദിവസം ആയിട്ടും പ്രശ്നപരിഹാരമാകാത്തതിനെ തുടർന്നാണ് ആത്മഹത്യശ്രമവുമായി രംഗത്തെത്തിയത്.
തന്റെ സമരം 110 ദിവസമായിട്ടും ഒത്തുതീർപ്പാക്കാനോ വിഷയം പഠിക്കാനോ ആരുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടായിട്ടില്ലെന്നും 35 കോടി മുതൽ മുടക്കുള്ള സ്ഥാപനം അടച്ചു പൂട്ടേണ്ട ഗതികേടിലാണെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യാശ്രമമെന്നും പറയുന്നു.
കളക്ടർ അടക്കമുളളവർ സ്ഥലത്തെത്തി പ്രശ്ന പരിഹാരമുണ്ടാകാത്ത പക്ഷം ആത്മഹത്യ ചെയ്യുമെന്നുമാണ് ഭീഷണി. മാസങ്ങളായി വൈദ്യുതി വകുപ്പുമായി നിരന്തര സമരത്തിലായിരുന്നു ഇയാൾ. ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകാത്തതിനാലാണ് തനിക്ക് ഈ ദുര്യോഗമെന്ന് പ്രസാദ് ആരോപിച്ചിരുന്നു.
എന്നാൽ, വൈദ്യുതി വകുപ്പ് ചുമത്തിയ നാലര ലക്ഷം രൂപ പിഴ അടയ്ക്കാത്തതിനാൽ കെട്ടിടത്തിലെ കണക്ഷൻ വിഛേദിച്ചതാണെന്നും അതേ കെട്ടിടത്തിലേക്ക് പുതിയ കണക്ഷൻ നൽകുവാൻ തടസമുണ്ടെന്നുമാണ് വകുപ്പിന്റെ ഭാഷ്യം. പ്രസാദിനെ അനുനയിപ്പിച്ച് പിന്തരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. തഹസിൽദാർ അടക്കമുള്ളവർ സംഭവസ്ഥലത്ത് എത്തി അനുരജ്ഞന ശ്രമങ്ങൾ നടത്തുന്നുണ്ട്.