പയ്യന്നൂര്‍(കണ്ണൂർ): പെരുമ്പയില്‍ ഐസ്ക്രീം പാര്‍ലറിന്റെ ചുമര് തുരന്ന് കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.തൃക്കരിപ്പൂര്‍ എടച്ചാക്കൈ കോളനിയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി തുരുത്തിമടത്തില് മണി(51)യെന്ന ജീപ്പ് മണിയെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് 27ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പെരുമ്പ കെഎസ്ആര്‍ടിസി ഡിപ്പോയുടെ സമീപത്തെ ഫലൂദ ഐസ്ക്രീം പാര്‍ലറിന്റെ ചുമര് തുരന്നായിരുന്നു കവര്‍ച്ച.അകത്തെ മേശ തകര്‍ത്ത് വലിപ്പില്‍ സൂക്ഷിച്ചിരുന്ന 38,000 രൂപ കവര്‍ന്നതായും പരിശോധനയില്‍ കണ്ടെത്തി.
സ്ഥാപനത്തിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മുഖം മൂടി ധരിച്ച മുടന്തുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്നും മനസിലായിരുന്നു.വെളുത്ത മുണ്ടുടുത്ത് ചെറിയ മുടന്തുള്ള കാലുമായി കവര്‍ച്ച നടത്തുന്നത് മണിയാണെന്ന ബോധ്യം കാസര്‍ഗോഡ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജോലിചെയ്തിരുന്ന എസ്ഐ പത്മനാഭനുണ്ടായിരുന്നു.
അതിനാല്‍ ഇയാളെതേടി പോലീസ് രണ്ടുവട്ടം ഇയാളുടെ വീട്ടിലെത്തിയിട്ടും കണ്ടുകിട്ടിയില്ല.ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടത്തി വരുന്നതിനിടയിലാണ് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മറ്റൊരു കേസില്‍ അറസ്റ്റിലായ ഇയാളെ റിമാൻഡ് ചെയ്തതായി അറിഞ്ഞത്. ഇവിടെയെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.