തൃശൂർ: നീർമരുതുകളുടെ സ്മൃതിവനത്തിൽ ലോഹിതദാസ് സ്മരണ പുതുക്കി സിനിമാ മേഖലയിലെ സഹപ്രവർത്തകർ. മുല്ലക്കര കൈലാസനാഥ സ്കൂളിനോടു ചേർന്ന സ്മൃതി വനത്തിലാണ് സംവിധായകൻ ലോഹിതദാസിന്റെ പത്താം ചരമവാർഷിക ദിനാചരണം നടന്നത്. നീർമരുതിൻ തൈ നട്ട് സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു.
സിനിമാലോകത്ത് ജീവിയ്ക്കുന്ന നക്ഷത്രവൃക്ഷ സ്മൃതിവനം ലോഹിതദാസിനു മാത്രമാണുള്ളതെന്നും മണ്മറഞ്ഞിട്ടും മലമുകളിൽ വളരുന്ന നീർമരുതുകൾ അദ്ദേഹത്തോടുള്ള ആദരവുകളാണെന്നും അദ്ദേഹം പറഞ്ഞു. നടൻ ജയരാജ് വാര്യർ ആമുഖപ്രഭാഷണം നടത്തി.
സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ഓയിസ്ക ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.എസ്. രജിതൻ അധ്യക്ഷത വഹിച്ചു.സിനിമാ സംവിധായകരായ വിനോദ് ഗുരുവായൂർ, മാധവ് രാംദാസ്, കണ്ണൻ പെരുമടിയൂർ, ഷോഗണ് രാജു, കെ.ജെ. ജോണി, ജോബി, ജയ്മോൻ അന്തിക്കാട്, രവി താണിക്കൽ, സുരേഷ് വാര്യർ എന്നിവർ പ്രസംഗിച്ചു. ഓയിസ്ക ഇന്റർനാഷണലും കൈലാസനാഥ സ്കൂളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.