കുളത്തൂപ്പുഴ: കുളത്തൂപ്പുഴടൗണിലടക്കം തെരുവു വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായെങ്കിലും അറ്റകുറ്റ പണി നടത്തി പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. രാത്രിയില്‍ വ്യാപാര ശാലകള്‍ അടയ്ക്കുന്നതോടെ കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും കവലകള്‍ പൂര്‍ണ്ണമായും ഇരുട്ടിലമരുന്നു. ഇരുട്ടാകുന്നതോടെ ടൗണിലൂടെ അലഞ്ഞുതിരിയുന്ന തെരുവു നായകളുടെ ശല്യവും ദിനം പ്രതി ഏറുകയാണ്.
പുറമെയുള്ള സ്ഥലങ്ങളില്‍ ജോലിക്കു പോയി രാത്രിയില്‍ മടങ്ങിയെത്തുന്ന യാത്രികര്‍ക്കും തൊഴിലാളികള്‍ക്കും തെരുവു വിളക്കുകളുടെ വെളിച്ചമില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു ഇരുട്ടിന്റെ മറവില്‍ പ്രദേശത്ത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവും വ്യാപകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അനധികൃത ലഹരി വിപണന സംഘങ്ങള്‍ വെളിച്ചമില്ലാത്ത കവലകളിലെ കടത്തിണ്ണകളിലും പാതയോരങ്ങളിലും വൈകുന്നേരം മുതല്‍ സജീവമാണെന്നും കഞ്ചാവും വിദേശ മദ്യവും യഥേഷ്ടം വില്പന നടക്കുന്നതായുമാണ് നാട്ടുകാരുടെ ആരോപണം.
മുമ്പ് കവലകളില്‍ പാതയോരങ്ങളിലെ അടുത്തടുത്തുള്ള വൈദ്യുതി തൂണുകളില്‍ ബള്‍ബുകള്‍ സ്ഥാപിച്ച് വെളിച്ചമെത്തിച്ചിരുന്നത് ഒഴിവാക്കി പകരം ലക്ഷങ്ങള്‍ മുടക്കി കൂടുതല്‍ സ്ഥലത്തേക്ക് പ്രകാശമെത്തുന്ന തരത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും എം.പി. ഫണ്ടില്‍ നിന്നും തുടങ്ങി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഒരു ഘട്ടത്തില്‍ മത്സരം തന്നെയായിരുന്നു. എന്നാല്‍ ഇവയുടെ അറ്റകുറ്റ പണികള്‍ക്ക് സ്ഥായിയായ സംവിധാനമില്ലാതെയാണ് ഗ്രാമപഞ്ചായത്തുകളില്‍ ഇവ സ്ഥാപിച്ചത്. അതിനാല്‍ തന്നെ ഇവ സ്ഥാപിച്ച് ഒരുവര്ഷമെത്തുന്നതിനു മുമ്പായി തന്നെ ലൈറ്റുകളില്‍ പലതും പ്രവര്‍ത്തിക്കാതെയായി. ഇതിനിടെ ഹൈമാസ്റ്റ് ലൈറ്റിനു കരാറെടുത്തവര്‍ ലൈറ്റുകള്‍ സ്ഥാപിച്ച് കമ്മീഷനും നല്കി തുകയും വാങ്ങി പോവുകയും ചെയ്തു.
ലക്ഷങ്ങള്‍ വീതം മുടക്കി കവലകളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതോടെ സമീപത്ത് മുമ്പുണ്ടായിരുന്നതും ബള്‍ബുകളാല്‍ പ്രകാശിച്ചിരുന്നതുമായ തെരുവു വിളക്കുകള്‍ എല്ലാം അധികൃതര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ഫലത്തില്‍ പ്രദേശമാകെ ഇരുട്ടിലായതാണ് നാട്ടുകാര്‍ക്കുണ്ടായ മെച്ചം. ഹൈമാസ്റ്റ് ലൈറ്റുകള്‍ അറ്റകുറ്റ പണി നടത്തി പ്രവര്‍ത്തന ക്ഷമമാക്കുകയോ, പകരം സംവിധാനം ഏര്‍പ്പെടുത്തിയോ കവലകളില്‍ പ്രകാശമെത്തിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.