ആശുപത്രിയിലെത്തിയത് മദ്യപിച്ച് ! രോഗിയെ ചികിത്സിക്കാന്‍ 10000 രൂപ ആവശ്യപ്പെട്ടു; ഡോക്ടറെ പഞ്ഞിക്കിട്ട് രോഗിയുടെ ബന്ധുക്കള്‍;വീഡിയോ കാണാം…

ന്യൂഡല്‍ഹി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡോക്ടര്‍ രോഗിയെ ചികിത്സിക്കുന്നതിന് ആവശ്യപ്പെട്ടത് 10000 രൂപ. ഒടുവില്‍ രോഗിയുടെ ബന്ധുക്കളുടെ കൈയ്യില്‍ നിന്നു പൊതിരെ തല്ലു വാങ്ങിയതിനു ശേഷമാണ് ഡോക്ടര്‍ക്ക് സമാധാനമായത്. ഉത്തര്‍പ്രദേശില്‍ കാസ്ഗഞ്ചിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെള്ളിയാഴ്ചയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഡോക്ടറെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

റോഡപകടത്തില്‍ പരിക്കേറ്റ് മദന്‍ എന്നയാളിനെ ഹെല്‍ത്ത് സെന്ററില്‍ ചികിത്സയ്ക്കായി എത്തിച്ചതിനു പിന്നാലെയാണ് സംഭവം അരങ്ങേറുന്നത്. മദ്യപിച്ച നിലയിലായിരുന്ന ഡോക്ടര്‍ക്ക് രോഗിയെ പരിശോധിക്കാനായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. രോഗിയുടെ ഭിന്നശേഷിക്കാരനായ സഹോദരനെ തര്‍ക്കത്തിനിടെ ഡോക്ടര്‍ മര്‍ദ്ദിച്ചുവെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് എഴുതി നല്‍കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടുവെന്നും, എന്നാല്‍ ഇതിനു പകരമായി പതിനായിരം രൂപ ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അയ്യായിരം രൂപ ഡോക്ടര്‍ക്ക് നല്‍കിയെങ്കിലും അയ്യായിരം കൂടെ നല്‍കുന്നതു വരെ ഡോക്ടര്‍ രോഗിയെ നോക്കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. നിലത്തിരിക്കുന്ന ഡോക്ടറുമായി ഒരുകൂട്ടമാളുകള്‍ തര്‍ക്കിക്കുന്നതും , പിന്നാലെ കൂട്ടത്തോടെ ഡോക്ടറെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Related posts