ചാലോട്: അപൂർവ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവാവിനെ സഹായിക്കാൻ ചാലോടിലെ ഗുഡ്സ് ഓട്ടോ തൊഴിലാളികളും. ഇന്നുരാവിലെ മുതൽ കാരുണ്യയാത്ര നടത്തിയാണു സഹായവുമായി ഡ്രൈവർമാർ രംഗത്തു വന്നത്. കൂടാളി കാനിച്ചേരി ആശ്രമത്തിനു സമീപത്തെ കുമാരന്റെ മകൻ കെ. അജേഷിന്റെ ചികിൽസയ്ക്ക് പണം സ്വരൂപിക്കുന്നതിനാണ് ഡ്രൈവർമാർ ഒത്തുചേർന്നു കാരുണ്യയാത്ര നടത്തിയത്.
രോഗം ബാധിച്ച അജേഷ് തലശേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുകയാണ്. ഇതുവരെയുള്ള ചികിത്സയ്ക്ക് തന്നെ ലക്ഷക്കണക്കിന് രൂപ കുടുംബത്തിന് ബാധ്യതയായിരിക്കുകയാണ്. രോഗം പൂർണമായി മാറുവാൻ മജ്ജ മാറ്റിവയ്ക്കലാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
ഈ ചികിത്സക്ക് ഏകദേശം 50 ലക്ഷത്തിനു മുകളിൽ ചെലവ് വരും. ഭാര്യയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന നിർധനരായ അജേഷിന്റെ കുടുംബത്തിന് നിലവിലുള്ള ചികിത്സക്ക് തന്നെ വൻ ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതേ തുടർന്ന് ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടി നാട്ടുകാർ മന്ത്രി ഇ.പി. ജയരാജനും കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഫലും രക്ഷാധികാരികളായും പദ്മനാഭൻ നമ്പ്യാർ ചെയർമാനും വി.പി. രാമകൃഷണൻ കൺവീനറുമായി അജേഷ് ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ചു പ്രവർത്തനം നടത്തി വരികയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഓട്ടോറിക്ഷയും ഓട്ടോ ടാക്സി ഡ്രൈവർമാരും കാരുണ്യയാത്ര നടത്തിയിരുന്നു.