ഒട്ടനവധി നല്ല കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ തെന്നിന്ത്യൻ നടി ഐശ്വര്യ രാജേഷിന് ഇപ്പോൾ തിരക്കോടു തിരക്കാണ്. ചെയ്തതെല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു എന്ന ഈ നടിയുടെ മുന്നോട്ടുള്ള യാത്രയും സുഗമമാക്കുന്നു. ഇപ്പോൾ നിന്നു തിരിയാൻ ഐശ്വര്യക്ക് നേരമില്ല. ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ് ഈ നടി.
കോളിവുഡിൽ ഇപ്പോൾ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളാണ് ഐശ്വര്യ എന്നു തന്നെ പറയാം. എല്ലാത്തിലും പ്രാധാന്യമുള്ള വേഷം തന്നെ. കാ പേ രണസിംഗം എന്നത് ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസം ഐശ്വര്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ അടുത്ത ഘട്ടഷൂട്ടിംഗ് തുടങ്ങുന്നതിനിടയിലുള്ള ഇടവേളയിൽ ശിവകാർത്തികേയന്റെ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയിരിക്കുകയാണ് ഐശ്വര്യ. എസ്കെ 16 എന്ന് താത്കാലികമായി പേര് നൽകിയിരിയ്ക്കുന്ന ചിത്രം പാണ്ഡിരാജാണ് സംവിധാനം ചെയ്യുന്നത്. ശിവകാർത്തികേയന്റെ സഹോദരിയുടെ വേഷമാണ് ചിത്രത്തിൽ ഐശ്വര്യക്ക്.
ഐശ്വര്യയുടെ ലക്കി നായകനായ വിജയ് സേതുപതി ചിത്രത്തിലും ഒരു അതിഥി വേഷവുമായി എത്തുന്നുണ്ട്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി അഭിനയിച്ചതിലൂടെയാണ് ഐശ്വര്യയെ മലയാളികൾക്ക് പരിചയം.
സഖാവ് എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായും ഐശ്വര്യ എത്തിയിട്ടുണ്ട്. ഡാഡി എന്ന ചിത്രത്തിലൂടെ ഇതിനോടകം ഐശ്വര്യ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.