മൂന്നാർ: കാന്പസ് രാഷ്്ട്രീയത്തിന്റെ കത്തിമുനയ്ക്ക് ഇരയായി അഭിമന്യു മരിച്ചിട്ട് ഒരുവർഷം തികയുന്നു. കുറ്റപത്രം നൽകാൻപോലും പോലീസിന് ഇതുവരെയായിട്ടില്ല. മൂന്നാർ വട്ടവട സ്വദേശിയും മഹാരാജാസ് കോളജ് ബിരുദ വിദ്യാർഥിയുമായ അഭിമന്യു കഴിഞ്ഞ ജൂലൈ രണ്ടിന് രാത്രിയിലാണ് കോളജ് കാന്പസിൽ കൊല്ലപ്പെട്ടത്.
കൊലപാതകം നടന്ന സ്ഥലത്തേക്ക് അഭിമന്യുവിനെ വിളിച്ചുവരുത്തിയതായി പറയുന്ന ഒരാളെ അറസ്റ്റുചെയ്തെങ്കിലും പ്രധാന പ്രതികളെ കണ്ടെത്തുന്നതിനോ നിർണായകമായ തെളിവുകൾ ശേഖരിക്കുന്നതിനോ പോലീസിന് കഴിഞ്ഞിട്ടില്ല. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങൾപോലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രതികളെ പിടികൂടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന അഭിമന്യുവിന്റെ മാതാപിതാക്കളും ഇപ്പോൾ നിശബ്ദതയിലാണ്. ഇവർക്കും ഭീഷണി ഉണ്ടെന്നാണ് ഇവർ പറയുന്നത്.
സിപിഎം വട്ടവടയിൽ നിർമിച്ചുകൊടുത്ത വീട്ടിലാണ് അഭിമന്യുവിന്റെ മാതാപിതാക്കൾ കഴിയുന്നത്. പാർട്ടിയുടെ നേതൃത്വത്തിൽതന്നെ അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹവും നടത്തി. അഭിമന്യുവിന്റെ പേരിൽ വട്ടവടയിൽ സ്മാരകങ്ങളും ഉയർന്നു. സ്മരണാർഥം തുടങ്ങിയ ലൈബ്രറിയിലേക്ക് സംഭാവനകളായി ഇപ്പോഴും പുസ്തകങ്ങൾ എത്തുന്നുണ്ട്.
അഭിമന്യുവിന്റെ സുഹൃത്തുക്കളും അധ്യാപകരും നേതാക്കളുമടക്കം നിരവധിപേർ ഇപ്പോഴും വട്ടവടയിലെത്തുന്നുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കളും മന്ത്രിമാരുമെല്ലാം വട്ടവടയിലെ അഭിമന്യുവിന്റെ വീട് സന്ദർശിച്ച് മടങ്ങിയവരാണ്.
ഇതിനിടയിൽ രണ്ടു സിനിമകളും പുറത്തിറങ്ങി. അവസാനം പുറത്തിറങ്ങിയ ചിത്രം കാണാൻ അണിയറ പ്രവർത്തകർ അഭിമന്യവിന്റെ മാതാപിതാക്കളെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും മകന്റെ വേർപാടിന്റെ വേദനയൊഴിയാത്ത മാതാപിതാക്കൾക്ക് ചിത്രം പൂർണമായി കണ്ടിരിക്കാൻ കഴിഞ്ഞില്ല. ചിത്രം കണ്ടിറങ്ങിയ മാതാപിതാക്കൾക്ക് ഇപ്പോഴും ഒരാവശ്യം മാത്രമേയുള്ളൂ. അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടുക.
വട്ടവടയിലെ ഒറ്റമുറിയിൽനിന്നും പാർട്ടി പണിതുകൊടുത്ത വീട്ടിലേക്കു താമസം മാറ്റിയെങ്കിലും തേങ്ങലുകൾ പടിയിറങ്ങാത്ത മനസുമായാണിവർ കഴിയുന്നത്.