കട്ടപ്പന: നെടുങ്കണ്ടും പോലീസ് സ്റ്റേഷനിൽ വായ്പ തട്ടിപ്പുകേസിലെ പ്രതിയെ അനധികൃതമായി കസ്റ്റഡിയിൽവച്ച് മർദിക്കുകയും പീരുമേട് ജയിലിൽ ഇയാൾ മരിക്കുകയുംചെയ്ത സംഭവത്തിൽ പോലീസുകാർ മാനസിക സംഘർഷത്തിൽ. സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എട്ടു പോലീസുകാർ സസ്പെൻഷനിലാണ്. പത്തോളംപേരെ സ്ഥലം മാറ്റി.
നടപടിക്കു വിധേയരായ പോലീസുകരാണ് സംഘർഷത്തിലായത്. സസ്പെൻഷനിലായ പോലീസുകാരിൽ ഒരാൾ ഇന്നലെ രാമക്കൽമേട് മലയിൽനിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ് പിന്നാലെ പാഞ്ഞെത്തിയ സഹപ്രവർത്തകരായ പോലീസുകാർ ഇയാളെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയായിരുന്നു.
തട്ടിപ്പുകേസിൽ കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ സ്റ്റേഷനിൽ എത്തിക്കുന്പോൾ സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു വനിത പോലീസാണ്. രാജ്കുമാറിനെ മർദിച്ചതായി പറയുന്നത് രണ്ടു പോലീസ് ഡ്രൈവർമാരാണ്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന റൈറ്റർ ഉൾപ്പെടെയുള്ളവരാണ് സസ്പെൻഷനിലായിട്ടുള്ളത്.
കസ്റ്റഡിലെടുക്കുന്ന ആളിനെ കോടതിയിൽ ഹാജരാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു നിർദേശം നൽകേണ്ടത് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസറാണ്. ഇവരുടെ നിർദേശമനുസരിച്ചേ കീഴ് ജീവനക്കാർക്കു പ്രവർത്തിക്കാനാകൂ. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്നു മുതൽ സ്റ്റേഷൻ എച്ച്എസ്ഒ (സിഐ) അവധിയിലായിരുന്നു. എസ്ഐ ആയിരുന്നു പിന്നീട് ചുമതലയിലുണ്ടായിരുന്നത്.
കസ്റ്റഡിയിലെടുത്ത ആളിനെ എസ്ഐ സ്വന്തം ഇഷ്ടപ്രകാരം നാലുദിവസം കസ്റ്റഡിയിൽ സൂക്ഷിച്ച് പോലീസ് ഡ്രൈവർമാർക്ക് മർദിക്കാൻ ഇട്ടുകൊടുത്തുവെന്ന് വിശ്വസിക്കാൻ കേരളത്തിൽ പ്രയാസമാണ്. അഥവാ അങ്ങിനെയാണെങ്കിൽ ജനങ്ങൾ വലിയ അപകടത്തിലാണ്. അനധികൃത കസ്റ്റഡി വിവരം അറിയച്ചിരുന്നില്ലെന്ന് അവധിയിലായിരുന്ന എച്ച്എസ്ഒയും പറയുന്നു.
ആരുടെ നിർദേശപ്രകാരമാണ് ഇത്രയും പൈശാചികവും ക്രൂരവുമായ മർദനം നടത്തിയതെന്ന് പോലീസിലെ എല്ലാവർക്കും അറിയാമെങ്കിലും ആരും പുറത്തുപറയാൻ തയാറാകുന്നില്ല. ഓരോ പോലീസ് സ്റ്റേഷനുകളിലെയും എല്ലാ വിവരങ്ങളും ജില്ലാ പോലീസ് മേധാവിയും സബ്ഡിവിഷൻ പോലീസ് മേധാവിയും (ഡിവൈഎസ്പി) അതാതു സമയം അറിയുന്നതാണ്. അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ടതാണ്.
നാട്ടിലേയും സ്റ്റേഷനിലെയും രഹസ്യവും പരസ്യവുമായ വിവരങ്ങൾ അതാതുസമയം ജില്ലാ പോലീസ് ആസ്ഥാനത്ത് അറിയിക്കാൻ സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങളും പോലീസിലുണ്ട്. ഇതെല്ലാം മറികടന്ന് ആരോരുമറിയാതെ എസ്ഐയും ഏതാനും പോലീസുകാരും ചേർന്ന് ഒരു മനുഷ്യനെ നാലുദിവസം രാവും പകലും ക്രൂരമായി മർദിച്ചുവെന്നു വിശ്വസിക്കുന്നവരും ഉണ്ടാകില്ല.
ഏതെങ്കിലും പോലീസുകാരന്റെ തന്നിഷ്ടപ്രകാരം ഒരാളെ കസ്റ്റഡിയിലെടുത്ത് ’ഉരുട്ടൽ’ നടത്താനാകുമെന്ന് ഒരുപ്രാവശ്യമെങ്കിലും പോലീസ് സ്റ്റേഷനിൽ പോയിട്ടുള്ള ആരും കരുതില്ല. ഉന്നത ഉദ്യോഗസ്ഥരിൽ ആരുടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള അനുവാദമില്ലാതെ നെടുങ്കണ്ടം സ്റ്റേഷനിലെ മർദനം ഉണ്ടായിട്ടില്ല. ഇതു ചെയ്തത് ആരാണ്, എന്തിനാണ് എന്നു കണ്ടെത്തുന്നത് എളുപ്പമാണെങ്കിലും അതിനു ശ്രമിക്കാതെ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ സാദാ പോലീസുകാരും കുറ്റക്കാരാണെന്ന് പൊതുസമൂഹത്തിൽ വരുത്തിതീർത്ത് യഥാർഥ കുറ്റക്കാരെ രക്ഷപെടാൻ അനുവദിക്കുകയാണെന്നാണ് പോലീസുകാർതന്നെ പറയുന്നത്.
നാട്ടുകാരുടെ മുന്നിൽ കൊലപാതകികളെന്ന് മുദ്രയടിക്കപ്പെടുന്നതിന്റെയും കഷ്ടപ്പെട്ടും ത്യാഗംസഹിച്ചും ലഭിച്ച ജോലി നഷ്ടമാകുമോയെന്ന ഭയവുമാണ് പോലീസിനെ മാനസിക സംഘർഷത്തിലാക്കുന്നത്. പോലീസ് സ്റ്റേഷനിലും പീരുമേട് ജയിലിലും ഒരുപോലെ മർദനവും പീഡനവും ഒരാൾക്ക് ഏൽക്കേണ്ടിവന്നു എന്നതും വെറും കസ്റ്റഡി മർദനം മാത്രമായി കാണുന്നവരും ഉണ്ടാകില്ല.