സ്വന്തം ലേഖകൻ
തൃശൂർ: മണ്ഡലത്തിൽ പഠനനിലവാരത്തിന്റെ ഗ്രാഫ് ഉയർത്തിയവർക്കു വന്പൻ സല്യൂട്ടുമായി എംഎൽഎയും ജനപ്രതിനിധികളും സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും. മിന്നുംതാരംതന്നെ ആദരിക്കാനായെത്തിയപ്പോൾ കുട്ടികളും അധ്യാപകരുമെല്ലാം ഹാപ്പി..!
സമ്മാനദാനം കഴിഞ്ഞു മുഖ്യാതിഥി സിനിമാതാരം ടൊവിനോ തോമസിനൊപ്പം സെൽഫിയെടുക്കാൻ വിദ്യാർഥികൾ തമ്മിൽ മത്സരമായപ്പോൾ താരം ആദ്യം ഒന്നുവിരണ്ടു. പിന്നീടെല്ലാം കൂളായി. ചുള്ളൻ സെൽഫിപുള്ളയായി ടൊവിനോ മാറിയപ്പോൾ വിജയോത്സവം സംഘാടകരുടെയും കൂടിയ വിജയമായി.
വീട്ടിൽ അത്യാവശ്യം കൃഷിയുള്ളതു കൊണ്ടാണ് പരീക്ഷണ ചിത്രങ്ങളിൽ അഭിനയിക്കാൻ ധൈര്യം കിട്ടുന്നതെന്നും മസിലുണ്ടാക്കാൻ ജിമ്മിൽ പോകുന്നത്ര എളുപ്പമല്ല പറന്പിൽ പണിയെടുക്കുന്നതെന്നും ടൊവിനോ പറഞ്ഞു. വിദ്യാർഥിയായിരുന്നപ്പോഴുള്ള ഓർമകളും ടൊവീനോ പങ്കുവച്ചു.
മാരാർ റോഡിലെ നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന തൃശൂർ നിയോജക മണ്ഡലം എംഎൽഎ അവാർഡ് വിജയോത്സവം-2019 കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതെന്നു അദ്ദേഹം പറഞ്ഞു.
എസ്എസ്എൽസിയിൽ ഫുൾ എപ്ലസ് നേടിയ 374 പേരെയും പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ 304 പേരെയും പ്ലസ്ടുവിന് ഫുൾ മാർക്ക് നേടിയ ഏഴു കുട്ടികളെയും വിഎച്ച്എസ്ഇ പരീക്ഷയിൽ മുഴുവൻ എപ്ലസ് നേടിയ ഒരു വിദ്യാർഥിയെയും നൂറു ശതമാനം വിജയം നേടിയ 23 വിദ്യാലയങ്ങളെയുമാണ് ആദരിച്ചത്. എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ 57 കുട്ടികളെയും യുഎസ്എസ് നേടിയ 66 കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.
മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര ഐപിഎസ്, മണ്ണുത്തി കാർഷിക സർവകലാശാല വൈസ് ചാൻസലർ ആർ. ചന്ദ്രബാബു, നഗരസഭാ കൗണ്‍സിലർ എം.എസ്. സന്പൂർണ എന്നിവർ വിശിഷ്ടാതിഥികളായി. സംഘാടക സമിതി കണ്‍വീനർ ബെന്നി ജേക്കബ് സ്വാഗതവും ജോയിന്റ് കോ-ഓർഡിനേറ്റർ കെ.എസ്. ഭരതരാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.