തിരുവനന്തപുരം: നെടുമങ്ങാട് കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാറുകാരിയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം. പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ജൂണ്‍ 11 ന് കൊലപാതകം നടന്നതായാണ് കരുതുന്നത്. സംഭവുമായി ബന്ധപ്പെട്ട് അമ്മ മഞ്ജുഷയ്ക്കും കാമുകന് അനീഷിനുമെതിരെ കൊലക്കുറ്റം ചുമത്തി. മാനഭംഗം നടന്നോയെന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധന നടത്താൻ അയയ്ക്കും.
ശനിയാഴചയാണ് പതിനാറുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന മഞ്ജുഷ, മകളുമായി വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ വീടിനടുത്താണ് അമ്മയുടെ കാമുകനായ അനീഷ് താമസിച്ചിരുന്നത്. മകളുമായി വഴക്കുണ്ടായെന്നും, തുടര്‍ന്ന് മകള്‍ തൂങ്ങി മരിച്ചെന്നുമാണ് മഞ്ജുഷ പോലീസിന് നല്കിയ മൊഴി.
നെടുമങ്ങാട് പറണ്ടോട് സ്വദേശി മഞ്ജുഷയുടെ മകളായ പതിനാറുകാരിയെ ഈമാസം പത്തു മുതലാണ് കാണാതായത്. മകളെ അന്വേഷിക്കാന്‍ തിരുപ്പൂരിലേക്ക് പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞശേഷം മഞ്ജുഷ കാമുകനായ അനീഷിനൊപ്പം നാടുവിട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതോടെ മഞ്ജുഷയുടെ അച്ഛന് രാജേന്ദ്രന് പോലീസില്‍ പരാതി നല്കി. മഞ്ജുഷയേയും അനീഷിനേയും തമിഴ്നാട്ടില്‍നിന്ന് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് മകള്‍ തൂങ്ങിമരിച്ചെന്നും മൃതദേഹം കിണറ്റില്‍ തള്ളിയെന്നും മൊഴിനല്‍കിയത്.
മഞ്ജുഷയുടെ വീട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെ കരിപ്പൂര്‍ കാരാന്തലയിലുള്ള അനീഷിന്റെ വീടിനടുത്താണ് മൃതദേഹം ഉപേക്ഷിച്ചത്. രാത്രി അനീഷിന്റെ ബൈക്കില്‍ ഇരുത്തിയാണ് മൃതദേഹം ഇവിടെ എത്തിച്ച് കിണറ്റില്‍ ഹോളോബ്രിക്സ് കെട്ടിത്താഴ്ത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ മൃതദേഹം പുറത്തെടുത്തു. വഴക്കുപറഞ്ഞതിനാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു മഞ്ജുഷയുടെ മൊഴി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.