ഐഐടിയില്‍ പ്രവേശനം നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് മാതാപിതാക്കള്‍ എന്‍ട്രന്‍സ് പഠനത്തിനായി റിതേഷ് അഗര്‍വാളിനെ രാജസ്ഥാനിലെ കോട്ടയിലേക്ക് അയച്ചത്. എന്നാല്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന അഭിവാഞ്ജ റിതേഷിന്റെ വഴിതെറ്റിച്ചു. സ്വന്തം കഴിവുകളും അഭിരുചികളും ബിസിനസിന് അനുയോജ്യമെന്നു തിരിച്ചറിഞ്ഞ പയ്യന് ലക്ഷ്യം നേടുകതന്നെ ചെയ്തു. 17 വയസുകാരന് അന്നു തുടക്കം കുറിച്ച സംരംഭത്തിന്റെ മൂല്യം ഇന്നു അഞ്ച് ബില്യണ്‍ ഡോളറാണ്. സ്ഥാപനം ഓയോ റൂംസ്. പുതുമയുള്ള ഒരു ആശയത്തെ പ്രയോഗികമാക്കുന്നതിലൂടെ നേട്ടം കൊയ്യാനാവുമെന്ന വിശ്വാസമാണ് ഓയോ എന്ന സംരംഭത്തെ വിജയത്തിലെത്തിക്കാന്‍ റിതേഷിനെ തുണച്ചത്.
ഒഡിഷയിലെ ബിസാംകട്ടക്കില് ഒരു ബിസിനസ് കുടുംബത്തില്‍ 1993ലാണ് റിതേഷിന്റെ ജനനം. ചെറുപ്പം മുതല്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വെയറില് താല്പര്യം പ്രകടിപ്പിച്ച മകനെ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദധാരിയാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. 2009ല്‍ രാജസ്ഥാനില്‍ എത്തിയതോടെ കൂടുതല്‍ ആളുകളുമായി ഇടപഴകുന്നതിനുള്ള അവസരം ലഭിച്ച റിതേഷ് നിരവധി സംരംഭകരുമായി സൗഹൃദത്തിലായി.
പുതിയ ആശയങ്ങള്‍ രൂപീകരിക്കുവാനും സംരംഭകത്വത്തിന്റെ പാഠങ്ങള്‍ അഭ്യസിക്കുവാനുമായി ആഴ്ചതോറും ഡല്‍ഹിയിലേക്കു സഞ്ചരിക്കുമായിരുന്നു. റിതേഷിന്റെ യാത്രകള്‍ക്കിടെയാണ് ഒരാശയം മനസിലുദിച്ചത്. യാത്രാമധ്യേ താമസ സൗകര്യം കണ്ടെത്തുന്നതില്‍ നേരിടുന്ന പ്രശ്നത്തിനൊരു പരിഹാരം വേണം. ചുരുങ്ങിയ വാടകയ്ക്കു മേന്മയേറിയ താമസസൗകര്യം ഒരുക്കുന്ന ഹോട്ടലുകളും അപ്പാര്‍ട്ടുമെന്റുകളും യാത്രക്കാരെ പരിചയപ്പെടുത്തുന്ന ഒറാവല്സ് സ്റ്റേയ്സ് എന്ന സംരംഭം 2012ല്‍ ആരംഭിച്ചു. 2013ല്‍ ഓയോ റൂംസ് (OYO Rooms) എന്ന്് പുനര്‍നാമകരണം ചെയ്ത സംരംഭം ഇന്നു ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമാണ്.
മൊബൈല്‍ ആപ്പിന്റെ സഹായത്താല്‍ വിവിധ നഗരങ്ങളില്‍ ചുരുങ്ങിയ ചെലവില്‍ നിലവാരമുള്ള താമസസൗകര്യവും ഭക്ഷണവും തരപ്പെടുത്തി കൊടുക്കുന്ന സംരംഭം ഇടത്തരം സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഒരു കോടിയിലേറെ ആളുകളാണ് ഓയോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ഓയോ (OYO) എന്നാല്‍ ഓണ്‍ യുവര്‍ ഓണ്‍ (On Your Own) എന്നാണര്‍ത്ഥം. ബിരുദപഠനത്തിനായി ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തീകരിക്കാനാവാത്ത റിതേഷിന്റെ സംരംഭത്തില്‍ ഉന്നത ബിരുദധാരികളായ നിരവധി ആളുകള്‍ തൊഴിലെടുക്കുന്നു.
വ്യക്തമായ കാഴ്ചപ്പാടോടെയുള്ള റിതേഷിന്റെ പ്രവര്‍ത്തന രീതിയാണ് നിക്ഷേപരെ പയ്യനിലേക്ക് അടുപ്പിച്ചത്.ഉന്നതമായ സ്വപ്നങ്ങളും അവയെ സാക്ഷാത്കരിക്കാനുള്ള ഇച്ഛാശക്തിയുമുള്ളവര്‍ക്ക് വിജയിക്കാനാവും എന്ന് ഈ യുവാവ് നമ്മെ പഠിപ്പിക്കുന്നു. 2013ല്‍ ഏറ്റവും മികച്ച ബിസിനസ് ആശയത്തിനുള്ള ആഗോള പുരസ്കാരമായ തീല്‍ ഫെലോഷിപ്പ് നേടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റിതേഷ്. ഇന്ത്യയില്‍ തുടക്കംകുറിച്ച ഓയോ ഇപ്പോള്‍ ഒമ്പത് വിദേശ രാജ്യങ്ങളിലടക്കം ആയിരക്കണക്കിനു ഹോട്ടലുകളുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ ഹോട്ടല്‍ ‘ശൃംഖലയായി’ വളര്‍ന്നിരിക്കുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ പകിട്ടുകല്ല പ്രാക്ടിക്കലായി ചിന്തിക്കാനുള്ള കഴിവാണ് നമുക്ക് വേണ്ടതെന്നതിന്റെ തെളിവാണ് റിതേഷ്.