രാജ്കുമാറിന്റെ കസ്റ്റഡി മരണം സുപ്രധാന വഴിത്തിരിവിലേക്ക്. പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ക്രൂരമായ മൂന്നാം മുറയ്ക്ക് വിധേയനായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 22 ഗുരുതര പരിക്കുകള്‍ ഉണ്ടെന്നും ഉരുട്ടിക്കൊലയ്ക്ക് വിധേയനാക്കിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്കുമാറിന്റെ തുടയിലും കാല് വണ്ണയിലും മുറിവും ചതവും അടക്കം ഗുരുതരമായ പരിക്കുകളെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. തുടയുടെ പിന്‍ഭാഗത്തും കാല് പാദത്തിലും അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലുകള്‍ക്കും സാരമായ പരിക്കാണുണ്ടായിരിക്കുന്നത്. പോലീസിന്റെ അതിക്രൂരമായ മൂന്നാംമുറയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു. മൂര്‍ച്ചയില്ലാത്ത ആയുധം ഉപയോഗിച്ചാണ് മര്‍ദ്ദനമുണ്ടായതെന്നും ആള്‍ക്കൂട്ട ആക്രമണമാണെങ്കില്‍ ഇത്തരത്തില്‍ അരക്ക് കീഴ്പ്പോട്ട് മാത്രം ചതവുകളും മുറിപ്പാടുകളും ഉണ്ടാകില്ലെന്നാണ് സൂചന.
മരണകാരണം ന്യൂമോണിയ ആണെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പോലീസിന്റെ മൂന്നാം മുറയും ശരിയായ ഭക്ഷണം ലഭിക്കാതിരുന്നതും ന്യുമോണിയയിലേക്ക് നയക്കാമെന്നും വിദഗ്ദ്ധര്‍ അവകാശപ്പെടുന്നു. നേരത്തെ പോലീസ് മര്‍ദ്ദനമുണ്ടായെന്ന് രാജ്കുമാറിന്റെ അമ്മ അടക്കമുള്ള ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. റൂള്‍ തടി ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് അമ്മയുടെ മൊഴി. സമാനമായ മൊഴി സഹതടവുകാരനും പറഞ്ഞിരുന്നു.