കോട്ടയം: പീരുമേട്ടിൽ റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ ഇടുക്കി എസ്പിക്കു വീഴ്ച പറ്റിയയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എസ്പിയുടെ നിർദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരമാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ എസ്പി വേണുഗോപാലിനെ തത് സ്ഥാനത്തുനിന്നു നീക്കിയേക്കുമെന്നാണു സൂചന.
അതേസമയം, രാജ്കുമാറിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിൽ കാൽക്കോടി രൂപ കൈക്കൂലി വാങ്ങിയതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനും ഉൾപ്പെട്ട വിവരവും പുറത്തുവന്നു.
കേസിലെ അന്വേഷണം സംഘത്തിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടറായിട്ടാണു കൈകൂലി കേസിൽ ആരോപണ വിധേയനായ സിഐ സാജു വർഗീസിനെ ക്രൈംബ്രാഞ്ച് എഡിജിപി നിയമിച്ചിരിക്കുന്നത്. കൈക്കൂലിക്കേസിൽ ഈ ഉദ്യോഗസ്ഥൻ ഇപ്പോഴും അന്വേഷണം നേരിടുകയാണ്.
പോലീസ് കസ്റ്റഡിയിലിരിക്കെ രാജ്കുമാർ ഉരുട്ടലിനു വിധേയനായെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ആഹാരവും വെള്ളവും ലഭിക്കാതെയുള്ള ക്രൂരമർദ്ദനവും ന്യൂമോണിയയുമാണു മരണകാരണമെന്നും റിപ്പോർട്ടിലുണ്ട്.