കായംകുളം: അപകട നിയന്ത്രണ പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ കായംകുളം -പുനലൂർ കെ.പി റോഡിൽ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ചെറുതും വലുതുമായ അന്പതിലേറെ അപകടങ്ങളിലൂടെ നിരവധി പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. സ്വകാര്യ ബസുകളുടേയും ടിപ്പറുകൾ ഉൾപ്പടെയുള്ള മറ്റ് വാഹനങ്ങളുടെയും അമിത വേഗതയും അപകടം വർധിക്കാൻ കാരണമാകുന്നുണ്ട്.
കെ.പി. റോഡിൽ സ്വകാര്യബസിന്റെ മത്സരയോട്ടം കഴിഞ്ഞ ദിവസം യാത്രക്കാരനായ വയോധികന്റെ നട്ടെല്ല് തകർത്തിരുന്നു. നൂറനാട് എരുമക്കുഴി സരസ്വതിയിൽ ശിവശങ്കരക്കുറുപ്പാ(75)ണ് പരിക്കേറ്റ് പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. കായംകുളം-അടൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം.
കഴിഞ്ഞദിവസം രാവിലെ നൂറനാട് പത്താംമൈൽ ജംഗ്ഷനിൽ ചാരുംമൂടിന് പോകാനാണ് ഇദ്ദേഹം ബസിൽ കയറിയത്. പിറകിലെ സീറ്റിൽ ഇരുന്ന ശിവശങ്കരക്കുറുപ്പ് പറയംകുളത്തിന് കിഴക്കുഭാഗത്തെ ഹബ്ബിൽ ബസ് അമിതവേഗതയിൽ കയറിയപ്പോൾ ഉയർന്നുപൊങ്ങി പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. കഐസ്ആർടിസി ബസിനെ മറികടക്കാനായിരുന്നു സ്വകാര്യ ബസിന്റെ മത്സരയോട്ടം.
സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ടിപ്പർ ലോറികളുടെ മരണപ്പാച്ചിലും കെ.പി റോഡിൽ അറുതിയില്ലാതെ തുടരുന്പോഴും ശക്തമായ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനോ പോലീസിനോ കഴിയുന്നില്ല .അപകട നിയന്ത്രണ സംവിധാനങ്ങൾ ഏർപെടുത്താത്തതാണ് അപകടങ്ങൾ തുടരാൻ പ്രാധാന കാരണം.
ചാരുംമൂട് ജംഗ്ഷനിലും തിരക്കേറിയ കുറ്റിത്തെരുവ് ജംഗ്ഷനിലും സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകൾ മാത്രമാണ് കെ.പി.റോഡിൽ ആകെയുള്ള ഗതാഗത നിയന്ത്രണ സംവിധാനം. മാതൃകാ ജംഗ്ഷനായി പ്രഖ്യാപിച്ച ചാരുംമൂട് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ തെറ്റിച്ച് വാഹനങ്ങൾ കടന്നുപോയതു മൂലം നിരവധി അപകടങ്ങളാണ് മുന്പ് ഉണ്ടായിട്ടുള്ളത്.
സിഗ്നൽ തെറ്റിച്ചു പോകുന്ന വാഹനങ്ങൾ കണ്ടെത്തി നടപടിയെടുക്കാനായി ജംഗ്ഷനിൽ സിസി ടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും ബാധകമല്ലെന്ന രീതിയിൽ വാഹനം ഓടിച്ചു പോകുന്നവരെ കണ്ടെത്തി നടപടി എടുക്കാൻ അധികൃതർക്ക് കഴിയുന്നുമില്ല. ചാരുംമൂട് ജംഗ്ഷനിൽ സിഗ്നൽ സംവിധാനവും കാമറയും സ്ഥാപിച്ചെങ്കിലും വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ സംവിധാനമില്ല.
ജംഗ്ഷനിൽ പൊലീസ് സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദിനം പ്രതി അപകടങ്ങൾ കൂടുകയാണ്. . പ്രധാന ജംഗ്ഷനുകളിലെ റോഡരുകിലെ അനധികൃത വാഹന പാർക്കിംഗും കൂടിയിട്ടുണ്ട്. കെ.പി. റോഡിലെ വർധിച്ചു വരുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.