ചിറ്റാർ: കാടുവിട്ട് മൃഗങ്ങൾ നാട്ടിലിറങ്ങിയതോടെ മലയോര മേഖലയിൽ ജീവിതം ദുരിതപൂർണമായി. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മലയോരവാസികൾ പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ്. മൂന്നിന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിലേക്ക് മലയോര കർഷകരുടെ മാർച്ച് നടക്കും.വന്യമൃഗങ്ങളുടെ ഭീഷണി വർധിച്ചതോടെ ഒരു കൃഷിയും ചെയ്യാൻ കഴിയാതെ വലയുകയാണ് മലയോര മേഖലയിലെ കർഷകർ. വന്യമൃഗങ്ങളുടെ കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം ഓരോ ദിവസം കഴിയുംന്തോറും കൂടി കൂടി വരികയാണ് .
ആനയും പന്നിയും കുരങ്ങുമെല്ലാം കാട്ടുപോത്തുമെല്ലാം കാടുവിട്ട് നാട്ടിലേക്കിറങ്ങിയതോടെ കാലവർഷക്കെടുതിയിൽ വിളകൾ നശിച്ച മലയോര മേഖലയിലെ കർഷകർക്ക് ഇരുട്ടടിയായി. ജനവാസ കേന്ദ്രത്തിലേക്കാണ് കാട്ടുമൃഗങ്ങൾ കൂട്ടമായി എത്തുന്നത്. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലെല്ലാം കാട്ടാനകളെത്തി വ്യാപകമായി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കർഷകർ. മഴ ശക്തമായതോടെ കാട്ടാനകൾ കൂട്ടത്തോടെ കാടുവിട്ട് കിലോമീറ്ററുകളോളം ദൂരത്തിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുകയാണ്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എത്തുന്ന കാട്ടാനകൾ മേഖലയിലെ കൃഷികൾ വ്യാപകമായി നശിപ്പിച്ചതിനു ശേഷം പുലർച്ചെയാണ് സമീപത്തെ വനത്തിലേക്ക് ചേക്കേറുന്നത് .സന്ധ്യ മയങ്ങിയാൽ കാട്ടാനകൾ കുട്ടികളുമൊത്ത് കൂട്ടമായാണ് കൃഷിയിടങ്ങളിൽ എത്തുന്നത്. കൃഷി സംരക്ഷിക്കാൻ കൃഷിയിടത്തിലെ കാവൽ പുരയിൽ കിടക്കുന്നവർ പാട്ടകൊട്ടിയും ശബ്ദം ഉണ്ടാക്കിയാലും ഇവ പോകാറില്ലന്ന് കർഷകർ പറഞ്ഞു.
കർഷകർ ബഹളം വയ്ക്കുന്നതൊന്നും ഇപ്പോൾ ആനകൾക്ക് പ്രശ്നമേ അല്ലാതായി. ശല്യം രൂക്ഷമായതോടെ വനമേഖലയോടു ചേർന്ന വീടുകളിൽ ആളുകൾക്കു താമസിക്കാൻ ഭയമാണ്. പലരും വീടും കൃഷിയിടവും ഉപേക്ഷിച്ചു ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്.ആയിരകണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പലരും കടം വാങ്ങിയും അമിത പലിശയ്ക്കും വിവിധ ബാങ്കുകളിൽ വായ്പ എടുത്തുമാണ് കൃഷി ആരംഭിച്ചത്. എന്നാൽ കൃഷി മുളയ്ക്കുന്പോഴേക്കും കാട്ടു മൃഗങ്ങൾ കൂട്ടത്തോടെ എത്തി നശിപ്പിക്കും. ഇവയെല്ലാം ഒറ്റ രാത്രി കൊണ്ട് തല്ലി തകർക്കുന്നത് കണ്ണീരോടെ കണ്ടു നിൽക്കാൻ മാത്രമേ കർഷകർക്ക് കഴിയുന്നുള്ളു .വന്യമൃഗങ്ങളുടെ ഭീഷണി വർധിച്ചതോടെ വയ്യാറ്റുപുഴ തേരകത്തുംമണ്ണിൽ പുവണ്ണുംപതാലിൽ മേഖലയിൽ താമസിച്ചിരുന്ന കർഷകർ കൂട്ടത്തോടെ കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള ബന്ധുവീടുകളലേക്ക് താമസം മാറിയിട്ട് മാസങ്ങളായി.
വയ്യാറ്റുപുഴ മേഖലയിലെ നിരവധി വീടുകൾക്കു നേരെ കാട്ടാനകളുടെ ആക്രമണമുണ്ടായി. പലപ്പോഴും വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. പകൽ പോലും വീട്ടുമുറ്റത്ത് ആനയെ കാണുന്ന സാഹചര്യമാണ് ഉള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച വീടുകൾ ഒറ്റ ദിവസം കൊണ്ട് നാമാവശേഷമാകുകയാണ്. കാട്ടാനകളുടെ ശല്യം കാരണം മാറിത്താമസിക്കുകയാണ് ഏറെപ്പേരും. വല്ലപ്പോഴുമാണ് വീടുകളിലേക്ക് തിരിഞ്ഞുനോക്കുന്നത്.
ടാപ്പിംഗ് നടത്തിവന്ന റബർ മരങ്ങളും കാട്ടുവള്ളി ചെടികൾ കൊണ്ട് മൂടി. ഇപ്പോഴത്തെ അവസ്ഥയിൽ കണ്മുന്നിൽ ആന നിന്നാൽ പോലും കാണാത്ത അവസ്ഥയാണ് . വടശേരിക്കര റേഞ്ചിൽ തണ്ണിത്തോട് ഫോറസ്റ്റ് റേഞ്ച് പരിധിയാണിവിടം. വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്പോൾ വനപാലകർ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാറില്ലന്ന് നാട്ടുകാർ പറഞ്ഞു. കാട്ടുമൃഗങ്ങൾക്കു നൽകുന്ന സംരക്ഷണം പ്രദേശവാസികൾക്കു ലഭിക്കുന്നില്ല.
ഗുരുനാഥൻമണ്ണ്, കുന്നം, കൊച്ചുകോയിക്കൽ നാലാം ബ്ലോക്ക്, ആനചന്ത, പഞ്ഞിപ്പാറ, കുളങ്ങരവാലി, വില്ലുന്നിപ്പാറ, തേരകത്തുംമണ്ണ്, നീലിപിലാവ്, കട്ടച്ചിറ, കുടപ്പന, തെക്കേക്കര,െ കാടുമുടി, പടയണിപ്പാറ അഞ്ചുമുക്ക്, കാരിക്കയം തുടങ്ങി ജനവാസ കേന്ദ്രങ്ങളായ സ്ഥലങ്ങളിലെല്ലാം കാട്ടാന വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചു കുളങ്ങരവാലി,വലിയ കുളങ്ങര വാലി പ്രദേശങ്ങളിൽ ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങി വളർത്തുനായ്ക്കളെ വീട്ടുമുറ്റത്തു നിന്നും കൃഷിയിടത്തിലെ കാവൽ പുരയിൽ നിന്നും പിടിച്ചു കൊന്നിരുന്നു. വന്യമൃഗങ്ങൾ കാരണം പ്രദേശവാസികൾ ഓരോ ദിവസവും ഭയന്നാണ് കഴിയുന്നത്. കുട്ടികളെ തനിയെ പുറത്തേക്ക് അയയ്ക്കാനോ സ്കൂളുകളിൽ വിടാനോ ഭയമാണ്.
കർഷകർ പലതവണ നിരവധി പരാതികൾ ഉന്നയിച്ചിട്ടും വനപാലകർ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. വന്യമൃഗങ്ങൾ കൃഷി നാശം വരുത്തിയാൽ നഷ്ടപരിഹാരം വാങ്ങിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് . അപേക്ഷ നൽകിയാൽ പോലും മാസങ്ങൾക്കു ശേഷമാണ് തുച്ഛമായ നഷ്ട പരിഹാരം ലഭിക്കുന്നത്. നിയമ പ്രശ്നങ്ങൾ ഉള്ളതിനാൽ സ്വയം പ്രതിരോധിക്കാനും ഇവർക്കു കഴിയുന്നില്ല .