കണ്ണൂർ: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ മൊഴിയെടുക്കൽ വൈകും. ശനിയാഴ്ച മൊഴിയെടുക്കുമെന്ന് പറഞ്ഞതാണെങ്കിലും അന്വേഷണം വീണ്ടും നീട്ടിക്കൊണ്ടുപോകുകയാണ്. സിപിഎമ്മിനുള്ളിലെ വിഭാഗീയതയും സമ്മർദവും പോലീസിനെ ചെയർപേഴ്സന്റെ മൊഴിയെടുക്കുന്നതിൽനിന്ന് പിന്നോട്ടടിപ്പിക്കുന്നതായാണ് ആരോപണം.
രണ്ടുതവണ പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയുടെ മൊഴിയെടുത്ത പോലീസ് കഴിഞ്ഞ ദിവസം മക്കളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ലൈസൻസ് ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്കു കാരണമെന്നാണ് മക്കളും മൊഴിനല്കിയിരുന്നത്.
എന്നിട്ടും ചെയർപേഴ്സന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെ സാജന്റെ സാന്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം ഇന്ന് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. സാജന്റെ ഐ ഫോൺ ഓപ്പൺ ചെയ്യാൻ സാധിക്കാത്തതിനാൽ വിശദമായ പരിശോധനയ്ക്കായി ഇന്ന് കോടതിയിൽ സമർപ്പിക്കും. സാജന്റെ മറ്റു ഫോണുകളിലെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
ആരോപണമുയർന്ന ജീവനക്കാരെ നേരത്തെ ചോദ്യചെയ്തതിനുപുറമെ നഗരസഭയിലെ മറ്റ് ജീവനക്കാരുടെ മൊഴിയും ഇന്ന് പോലീസ് ശേഖരിക്കും. കൺവൻഷൻ സെന്ററിന്റെ ലൈസൻസിനു പുറമെ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ സാജനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെയെന്നതടക്കമുള്ള എല്ലാ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.