സ്വന്തം ലേഖകൻ
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് സ്റ്റേഷനുകൾ ഉരുട്ടിക്കൊലപാതക കേന്ദ്രങ്ങളായി മാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർക്കു യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗണ്‍ഹാളിൽ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുഭരണത്തിനു കീഴിൽ ജനവിരുദ്ധതയാണ് നടപ്പാക്കുന്നത്. ജനങ്ങൾക്കുവേണ്ടിയുള്ള ഭരണമല്ല, പാർട്ടിക്കാർക്കുവേണ്ടിയുള്ള ഭരണമാണു നടക്കുന്നത്. പിണറായി സർക്കാരിന് ഇനി 450 ദിവസംകൂടിയേ ഭരിക്കാനാകൂ. ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട ഭരണമാണിത്. വർഗീയതയും കപടദേശീയതയും പ്രചരിപ്പിച്ചാണ് നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയത്. ഇതെല്ലാം കാപട്യമാണെന്നു ജനം തിരിച്ചറിയും.
രാഹുൽഗാന്ധി എഐസിസി അധ്യക്ഷസ്ഥാനത്തു തുടരണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇപ്പോഴത്തേതിനേക്കാൾ വലിയ പ്രതിസന്ധി ഘട്ടങ്ങൾ കോണ്‍ഗ്രസ് നേരിട്ടിട്ടുണ്ട്്. രാജ്യത്തെ ജനാധിപത്യത്തിലേക്കു നയിക്കാൻ കോണ്‍ഗ്രസിനു നേതൃത്വം നൽകാൻ രാഹുൽഗാന്ധിതന്നെ ഉണ്ടാകണം.
ലോക്സഭയിലേക്കു യുഡിഎഫ് നേടിയ വിജയവും ആഘോഷവും അടുത്തവർഷം തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നേടേണ്ട വിജയത്തിനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമാകട്ടെയെന്നു ചെന്നിത്തല പറഞ്ഞു.യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി അധ്യക്ഷനായി.
കണ്‍വീനർ കെ.ആർ. ഗിരിജൻ, വി.എം. സുധീരൻ, അനിൽ അക്കര എംഎൽഎ, കെ.പി. വിശ്വനാഥൻ, തേറന്പിൽ രാമകൃഷ്ണൻ, ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, പദ്മജ വേണുഗോപാൽ, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ. ഷാജി കോടങ്കണ്ടത്ത്, പി.സി. വിഷ്ണുനാഥ്, അഡ്വ. ജോസഫ് ടാജറ്റ്, എം.കെ. അബ്ദുൾ സലാം, ടി.യു. ഉദയൻ, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസണ്‍ മാസ്റ്റർ, ഐ.പി. പോൾ, കെ.വി. ദാസൻ, സി.പി. ജോണ്‍, തോമസ് ഉണ്ണിയാടൻ, ബേബി മാത്യു കാവുങ്കൽ, സി.വി. കുര്യാക്കോസ്, സെബാസറ്റ്യൻ ചൂണ്ടൽ, പി.എം. അമീർ തുടങ്ങിയ നേതാക്കൾ വേദിയിലുണ്ടായിരുന്നു.