ചാവക്കാട്: പിടിക്കപ്പെടുന്പോൾ കുട്ടിയാണെന്ന പരിഗണനയിൽ വിട്ടയയ്ക്കും; കുട്ടിക്കള്ളൻ അത് അവസരമാക്കി മോഷണം തുടരും. 15കാരന്റെ വിലസലിൽ കഴിഞ്ഞദിവസം കടപ്പുറത്തെ കച്ചവടക്കാരന് നഷ്ടമായത് 28,000 രൂപ.കുട്ടിക്കള്ളനെകൊണ്ട് കടപ്പുറം പഞ്ചായത്തുകാർ പൊറുതിമുട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും പിടികൂടിയെങ്കിലും കുട്ടിയല്ലേ എന്നു കരുതി ഉപദേശിച്ച് വിടുകയാണ് പതിവ്.
ഓരോതവണ വിട്ടയക്കുന്പോഴും അടുത്തമോഷണം ഒന്നുകൂടി വലുതായിരിക്കും. നാട്ടുകാർക്ക് അറിയാവുന്ന കുട്ടിയായതുകൊണ്ട് പോലീസിൽ ഏൽപ്പിക്കാൻ മടി.അഞ്ചങ്ങാടി സെന്ററിലെ ഗ്രാന്റ് സൂപ്പർ മാർക്കറ്റിലാണ് ഒടുവിലത്തെ മോഷണം. കടയിലെ ജീവനക്കാർ ഉച്ചക്ക് പള്ളിയിൽ പോയ സമയത്ത് കടയുടെ മുൻവശത്തെ ഗ്രില്ല് തിക്കിതുറന്ന് അകത്തുകടന്നാണ് 28,000 രൂപ കവർന്നത്.
മോഷണം അറിഞ്ഞ് അന്വേഷണം നടത്തിയപ്പോഴാണ് കുട്ടിമോഷ്ടാവിന്റെ സുഖജീവിതം അറിഞ്ഞത്. പാന്റ്സും ഷർട്ടും വാങ്ങി, ഗുരുവായൂരിൽ പോയി മൊബൈൽ ഫോണ് വാങ്ങി. പിന്നീട് ബിരിയാണിയും മറ്റും കഴിച്ചാണ് നാട്ടിൽ തിരിച്ചെത്തിയത്.
പല കടകളിൽനിന്നുംപള്ളിഭണ്ഡാരത്തിൽനിന്നും നേരത്തെ പണം മോഷ്ടിച്ച് പിടിയിലായിട്ടുണ്ട്. കുട്ടിയാണ് ഇനി ആവർത്തിക്കില്ല തുടങ്ങിയ ഉറപ്പിൽ തടിഉൗരും. പക്ഷേ മോഷണത്തിന് കുറവില്ല.