ശാസ്താംകോട്ട: പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ ബസ്കണ്ടക്ടർ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. കുന്നത്തൂർ തോട്ടത്തുംമുറി സ്വദേശിനിയായ 17കാരി പെൺകുട്ടിയ്ക്കാണ് അടിവയറ്റിൽ കുത്തേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം.കൊട്ടാരക്കര – ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ഭരണിക്കാവ് ആയിക്കുന്നം ചരണിക്കൽ വീട്ടിൽ അനന്ദു (22) ആണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
പ്ലസ് ടു വിദ്യാർഥിനിയുടെ അടിവയറ്റിലാണ് ആഴത്തിൽ കുത്തേറ്റത്. സ്ക്രൂ ഡ്രൈവർ കൊണ്ടുള്ള ആക്രമണത്തിൽ മൂന്ന് കുത്തേറ്റിട്ടുണ്ട്. വീടിന്റെ ടെറസിലൂടെ അകത്തു കടന്ന അനന്ദു പെൺകുട്ടിയുടെ മുറിയിൽ കയറി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് മാതാപിതാക്കൾ അടുത്ത മുറിയിൽ നിന്നും ഓടി എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
രക്തത്തിൽ കുളിച്ചു കിടന്ന കുട്ടിയെ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കൊല്ലം റൂറൽ എസ്പി ഹരിശങ്കർ, കൊട്ടാരക്കര ഡിവൈഎസ്പി നാസറുദീൻ, ശാസ്താംകോട്ട സിഐ വി.എസ്. പ്രശാന്ത്, എസ്ഐ ഷുക്കൂർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.