തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ ജർമ്മൻ യുവതിയെ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണ സംഘം ഇന്റർപോളിന്റെ സഹായം തേടി. അഡീഷണൽ കമ്മീഷണർ സഞ്ജയ്കുമാർ ഗരുഡിന്റെ മേൽനോട്ടത്തിൽ നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിൽ, എഎസ്പി. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ജർമ്മൻ യുവതി ലിസ വെയ്സിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
മൂന്ന് മാസം മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ വെയ്സിനെ പിന്നീട് കാണാതായെന്ന് കാട്ടി മാതാവ് ജർമ്മൻ പോലീസിനും എംബസിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള പോലീസ് അന്വേഷണം ആരംഭിച്ചത്.
യുവതിയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെയും സംസ്ഥാനത്തെ ജില്ലാ പോലീസ് മേധാവിമാർക്കും നൽകിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതര സംസ്ഥാന പോലീസിന്റെയും സൈബർസെല്ലിന്റെയും സഹായത്തോടെ അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ രാഷ്ട്രദീപികയോട് പറഞ്ഞു. ജർമനിയിലുള്ള യുവതിയുടെ മാതാവുമായി അന്വേഷണ സംഘം വീഡിയോ കോൺഫറൻസ് നടത്തും.
മാർച്ച് അഞ്ചിന് ജർമനിയിൽ നിന്ന് പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്ന് കാട്ടി മാതാവ് ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നു. പിന്നീട് പരാതി ഡിജിപിക്കു കൈമാറിയശേഷം വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു.