ജോണ്സണ് വേങ്ങത്തടം
സിനിമ സ്വപ്നം തലയ്ക്കു പിടിച്ചു നടനാകാൻ ഇറങ്ങി പുറപ്പെട്ട യുവാവ്. സിനിമയിൽ നടനായില്ലെങ്കിലും ചെറുപ്രായത്തിൽ സിനിമയുടെ പ്രധാനഭാഗമായി മാറി. ഇന്നറിയപ്പെടുന്ന സിനിമ വിതരണ കന്പനിയുടെ ഉടമയാണ് ഈ യുവാവ് . ഇത് ഷമീം സുലൈമാൻ. കൊല്ലം അഞ്ചൽ ചുണ്ട എന്ന ചെറുഗ്രാമത്തിൽ സുലൈമാന്റെയും നൂർജഹാന്റെയും മകനായി ജനനം. 24-ാം വയസിൽ സ്വന്തമായി 72 ഫിലിം കന്പനി ആരംഭിച്ചു.
മലയാളത്തിൽ മാത്രം 37 സിനിമകൾ വിതരണം ചെയ്തു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള സിനിമകൾ ഏറ്റെടുത്തു വിജയിപ്പിക്കുന്ന ഷമീമിന്റെ അടുത്ത സിനിമയ്ക്കായി സിനിമപ്രേഷകരും കാത്തിരിക്കുകയാണ്. തമിഴ് നാട്ടിലെ ലേഡ് സൂപ്പർസ്റ്റാർ നയൻതാരയുടെ കൊലയുതിർകാലം സിനിമ ഈ മാസം 12നു തീയേറ്ററുകളിൽ എത്തിക്കാനാണ് നീക്കം.
ഷമീം ആദ്യത്തെ സിനിമ വിതരണത്തിനെടുക്കുന്പോൾ പ്രായം 21. പഠിക്കുന്ന കാലം. അതും ബിടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ. ഒട്ടേറെ സംവിധായകരോട് അഭിനയിക്കാൻ ഒരു ചാൻസിനായി അലഞ്ഞ ഷമീം ഒടുവിൽ സിനിമ വിതരണം എന്ന ചുമതല ഏറ്റെടുക്കുകയായിരുന്നു.
അഭിനയിക്കാനുള്ള കഴിവുണ്ട്. സ്കൂൾതലം മുതൽ കലാരംഗത്തു പ്രവർത്തിക്കുന്നു. നാടകമുൾപ്പെടെ നിരവധി വേദികളിൽ മത്സരിച്ചു സമ്മാനം നേടി. എന്നാൽ, സിനിമയിൽ മാത്രം അവസരം ലഭിച്ചില്ല. പഠന സമയത്തു അവസരത്തിനായി അലയുന്നതു ഒരുപതിവായിരുന്നു. നീ ഒരിക്കൽ നടനാകുമെന്നു കൂട്ടുകാരും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
സിനിമയിൽ അവസരം തേടി അലയുന്നതിനിടയിലാണ് വിതരണക്കന്പനിയെ കുറിച്ചു ചിന്തിക്കുന്നത്. മലയാളത്തിന്റെ സ്വന്തം നടൻ കലാഭവൻ മണി അവസാനമായി അഭിനയിച്ച ചിത്രം ’’യാത്ര ചോദിക്കാതെ’’ വിതരണത്തിന് ഏറ്റെടുത്താണ് ഷമീമിന്റെ സിനിമ ജീവിതത്തിലേക്കുള്ള യാത്രക്കു തുടക്കം കുറിച്ചത്.കേരളത്തിലും തമിഴ്നാട്ടിലുമടക്കം 63 തീയറ്ററുകളിൽ ചിത്രമെത്തിക്കാൻ ഷമീം എന്ന വിതരണക്കാരന് സാധിച്ചു.
മലയാളത്തിലും തമിഴിലുമടക്കം ഒട്ടേറെ ചിത്രങ്ങൾ ഇതിനോടകം തന്നെ 72 ഫിലിം കന്പനി വിതരണം നിർവഹിച്ചു കഴിഞ്ഞു. ഷമീം വിതരണം ചെയ്ത ’’ദൈവം സാക്ഷി’’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഷമീമിന് ഇപ്പോൾ ഒരു ബുള്ളറ്റ് മോട്ടോർ സൈക്കിൾ സമ്മാനമായി തന്നെ നൽകി. ’’യാത്ര ചോദിക്കാതെ’’ എന്ന സിനിമയിൽ തുടങ്ങി ഇന്ന് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ’’കൊലയുതിർ കാലം’’ വരെ എത്തി നിൽക്കുകയാണ് 72 ഫിലിം കന്പനി. 37 സിനിമകളിലൂടെ മലയാളസിനിമ രംഗത്തുസജീവമായി നിൽക്കുന്ന ഷമീം സൂപ്പർതാരങ്ങളുടെയും പ്രധാന നടൻമാരുടെയും സിനിമകളും വിതരണത്തിനെടുക്കാനുള്ള ഒരുക്കത്തിലാണ്.
വരുംനാളുകളിൽ സിനിമയിൽ കുടുതൽ സജീവമായി മാറാനാണ് ഷമീമിന്റെ ആഗ്രഹം. ഷമീമിനു രാഷ്ട്രീയബന്ധവുമുണ്ട്. കേരളത്തിലെ പാർട്ടികളുമായിട്ടല്ലെന്നു മാത്രം. ഡിഎംകെയുടെ യൂത്ത് വിംഗിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് ഷമീം സുലൈമാൻ. തമിഴ് സിനിമ ബന്ധമാണ് ഡിഎംകെയുമായി അടുപ്പിച്ചത്. ഒരു സഹോദരിയുണ്ട്. ആശ സുലൈമാൻ.