കായംകുളം: പത്തിയൂരിൽ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പത്തിയൂർ കിഴക്ക് തിരുവിനാൽ തറയിൽ സജയനെ(26)യാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റു ചെയ്തത്. വീട്ടിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച നിർണായക തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഇയാളെ വിശദമായി ചോദ്യം ചെയ്താലേ സംഭവത്തിൽ പങ്കാളികളായവരെ കുറിച്ച് അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു. പത്തിയൂർ പ്ലാമൂട്ടിൽ ജോസിന്റെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. തീ ആളിക്കത്തുന്നത് കണ്ട് വീട്ടുകാർ ബഹളം വെച്ചപ്പോഴേക്കും മുഖം മൂടി ധരിച്ചെത്തിയ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്നാണ് തീയണച്ചത്.
സിസി ടിവിയിൽ മുഖം മറച്ചെത്തിയ ആൾ മതിൽ ചാടിക്കടന്ന് ബൈക്കിൽ പെട്രോൾ ഒഴിച്ച ശേഷം മാറി നിന്ന് തീ കൊടുക്കുന്ന ദൃശ്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി മൂന്നിന് പുലർച്ചെ ജോസിന്റെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന മൂന്ന് ബൈക്കുകളും ഒരു സൈക്കിളും സമാനരീതിയിൽ അക്രമികൾ തീവച്ച് നശിപ്പിച്ചിരുന്നു.
അന്നുതന്നെ പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയും അക്രമികൾ തകർത്തിരുന്നു. എന്നാൽ ഈ സംഭവത്തിലെ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഒരാൾ പിടിയിലായതോടെ സംഭവത്തിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ.്