വൈപ്പിൻ: കൊച്ചി അഴിമുഖത്തെ ചീനവലക്കാർക്ക് പല്ലിക്കോര ചാകര. കഴിഞ്ഞ ദിവസം വേലിയിറക്കത്തിനു വല വലിച്ച ചീനവലക്കാർക്കാണ് വല നിറയെ പല്ലിക്കോര മീൻ ലഭിച്ചത്. വലയിൽ അമിതമായി മത്സ്യം കയറിയതിനെത്തുടർന്ന് കോരിയെടുക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സാധാരണ ചീനവലയുടെ തട്ടിൽനിന്നു തന്നെ വല ഉയർത്തി ചെറിയ വട്ടവല ഉപയോഗിച്ചാണ് മത്സ്യം കോരിയെടുക്കാറ്.
എന്നാൽ ഇന്നലെ പലരും അഴിയിൽ ഇറങ്ങിനിന്ന് തിരമാലകളോട് മല്ലടിച്ചാണ് മത്സ്യം കോരി കരയിലെ തട്ടിലെത്തിച്ചത്. മഴക്കാലത്ത് ഈ നാളുകളിൽ പല്ലിക്കോര സാധാരണ ലഭിക്കാറുള്ളതാണ്. എങ്കിലും കഴിഞ്ഞ ദിവസം പതിവിലും കൂടുതൽ മത്സ്യം ചീനവലക്കാർക്ക് ലഭിച്ചു. അധികം ഡിമാന്റ് ഇല്ലാത്ത മത്സ്യമാണ് പല്ലിക്കോര. എങ്കിലും മത്സ്യത്തിന്റെ ക്ഷാമം മൂലം താരതമ്യേന നല്ല വിലയും ലഭിച്ചു.