അങ്കമാലി: പതിനഞ്ച് ലക്ഷം രൂപ ചെലവിൽ പണി തീർത്ത ബസ് ഷെൽറ്റർ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിൽ അന്തർ സംസ്ഥാന ബസ് യാത്രക്കാർക്കുവേണ്ടി പണികഴിപ്പിച്ച ബസ് ഷെൽട്ടറിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധർ തമ്പടിച്ചിട്ടുള്ളത്.
2015ൽ ആണ് പദ്ധതി ആരംഭിച്ചത്. എറണാകുളം, കോട്ടയം ഭാഗങ്ങളിൽനിന്നു ഇതര സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ സ്വകാര്യ സ്റ്റാന്ഡിലേക്ക് പ്രവേശിച്ച് യാത്രക്കാരെ കയറ്റുന്നതിനു വേണ്ടിയാണ് വൻതുക മുടക്കി ഇത്തരത്തിൽ ബസ് ഷെൽട്ടർ നിർമിച്ചത്. ഇതുവഴി തിരക്കേറിയ ദേശീയ പാതയ്ക്കരികിൽ ബസുകൾ നിർത്തി ആളെ കയറ്റുന്നതിലെ ഗതാഗത തടസം ഒഴിവാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
യാത്രക്കാർക്ക് കയറി നിൽക്കുന്നതിനുള്ള ഷെൽട്ടിനു മാത്രം 15 ലക്ഷം രൂപയാണ് ചെലവായത്. മറ്റ് അനുബന്ധ സൗകര്യങ്ങൾക്കായി 15 ലക്ഷം രൂപ കൂടി വകയിരുത്തിയിരുന്നു. എന്നാൽ പദ്ധതിയിലെ പോരായ്മകൾ സ്വകാര്യ ബസ് ഉടമകളും പ്രതിപക്ഷ കൗൺസിലർമാരും ചൂണ്ടിക്കാണിച്ചിരുന്നു. ദേശീയപാതയിൽനിന്നു മൾട്ടി ആക്സിൽ ഉൾപ്പെടെയുള്ള നീളം കൂടിയ ബസുകൾ തിരിഞ്ഞു കയറില്ലെന്നായിരുന്നു മുഖ്യ പോരായ്മ.
നീളമേറിയ ബസുകൾക്ക് തിരിഞ്ഞു കയറുന്നതിനും പുറത്തേക്ക് പോകുന്നതിനുമുള്ള സൗകര്യം സ്റ്റാൻഡിനില്ലെന്ന പോരായ്മ ചൂണ്ടിക്കാണിച്ചത് പരിഗണിക്കാതെ തുടർന്നു വന്ന ഭരണ സമിതിയും പദ്ധതിയുമായി മുന്നോട്ടു പോകുകയായിരുന്നു. കൂടാതെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും പദ്ധതിക്കെതിരേ രംഗത്തുവന്നു.
പദ്ധതികളുടെ ഗുണപരമായ നടത്തിപ്പല്ല ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും ലക്ഷ്യമെന്നും മറിച്ച് ഇത്തരം പദ്ധതിക്ക് ചെലവു ചെയ്യപ്പെടുന്ന തുകയിൽനിന്നു ലഭിക്കുന്ന വിഹിതത്തിലാണ് നോട്ടമെന്നും ജനം ആരോപിക്കുന്നു. അപ്രായോഗികമായ ബസ് ഷെൽട്ടർ പൊളിച്ചുനീക്കി സ്വകാര്യ ബസുകൾക്ക് പാർക്ക് ചെയ്യുവാനുള്ള ഇടമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും രംഗത്തു വന്നിട്ടുണ്ട്.