കോട്ടയം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരം. രാജ്കുമാറിനെ പോലീസുകാര്‍ ഉരുട്ടിക്കൊന്നത് മദ്യ ലഹരിയിലായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കസ്റ്റഡിയില്‍ മര്‍ദിച്ച നാല് ദിവസവും പോലീസുകാര്‍ മദ്യപിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരുദിവസം പോലും രാജ്കുമാറിനെ ഉറങ്ങാന്‍ അനുവദിച്ചില്ല.
സ്റ്റേഷന് വളപ്പിലെ കാന്താരിച്ചെടിയിലെ മുളകുപറിച്ച് രാജ്കുമാറിന്റെ രഹസ്യ ഭാഗങ്ങളില്‍ തേച്ചു. മര്‍ദനത്തിന്റെ വിവരങ്ങള്‍ ഇടുക്കി എസ്പിയെ അറിയിച്ച ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ നെടുങ്കണ്ടം എസ്ഐ കെ.എ സാബു ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
എന്നാല്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നതരെ അറിയിക്കുന്നതില്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് ഗുരുതരമായ വീഴ്ചവരുത്തിയതായും കണ്ടെത്തി.