കോട്ടയം: കാർ വാടകയ്ക്കെടുത്ത് മറിച്ചു വിൽപന നടത്തിയതിന് റിമാൻഡിൽ കഴിയുന്ന നാലംഗ സംഘത്തിനെതിരേ കൂടുതൽ പരാതികൾ. കോട്ടയം ഈസ്റ്റ് പോലീസിലും ഗാന്ധിനഗറിലും ഓരോ പരാതികൾകൂടി ലഭിച്ചു. ഇതോടെ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം നാലു കേസുകൾ ഇതേ സംഘത്തിനെതിരേ രജിസ്്റ്റർ ചെയ്തു. നാട്ടകം സ്വദേശി അശ്വിൻബാബു എന്നയാളാണ് ഇന്നലെ ഈസ്റ്റ് പോലീസിൽ പരാതി നല്കിയത്.
ഇയാളുടെ ഹൂണ്ടായ് ഐടെൻ കാർ ദിവസം 500രൂപ വാടക നല്കാമെന്നു പറഞ്ഞ് കൊണ്ടുപോയി തിരികെ നല്കിയില്ല എന്നാണ് പരാതി. പ്രതികൾ കാർ മറിച്ചു വിൽപന നടത്തിയെന്നാണ് സൂചന. ഈസ്റ്റ് പോലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു. റിമാൻഡിൽ കോട്ടയം ജില്ലാ ജയിലിൽ കഴിയുന്ന പ്രതികളെ ഈ കേസിലേക്ക് വീണ്ടും അറസ്റ്റ് ചെയ്യും.
ഗാന്ധിനഗറിലും ഇന്നലെ ഒരു പരാതി ലഭിച്ചു. പീരുമേട് സ്വദേശി ദീപു എന്നയാളുടെ കാർ വാടയ്ക്കെടുത്ത ശേഷം തിരികെ നല്കിയില്ല എന്നാണ് പരാതി. ദിവസം 800രൂപ വാടക വാഗ്ദാനം ചെയ്താണ് കാർ കൊണ്ടുപോയത്. ഈ കാറും മറിച്ചു വിൽപന നടത്തിയെന്നാണ് സൂചന. പരാതിക്കാരനായ ദീപു ഇപ്പോൾ കുടമാളൂർ ഭാഗത്താണ് താമസം. ഈസ്റ്റ് സ്റ്റേഷനിലെ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കെതിരേ ഗാന്ധിനഗർ പോലീസും ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു.
സിഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കോട്ടയം പൂവന്തുരുത്ത് മാങ്ങാപറന്പിൽ ജെസ്റ്റിൻ വർഗീസ് (25), മലപ്പുറം മേലാറ്റൂർ ചാലിയതോടിയ അഹമ്മദ് ഈർഷാനുൾ ഫാരീസ് (21), തൃശൂർ കൂർക്കണ്ടശേരി കൊട്ടാരത്തിൽ ദിലീപ്കുമാർ (24), ചിങ്ങവനം സ്വദേശി അരുണ് (26) എന്നിവരാണ് കാർ വാടകയ്ക്കെടുത്ത് മറിച്ചു വിൽപന നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്നത്.
വിലകൂടിയ കാറുകൾ വാടകയ്ക്കടുത്തശേഷം മറിച്ചു വില്ക്കുകയാണ് സംഘം ചെയ്തിരുന്നത്. റിമാൻഡിലായ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ തീരുമാനിച്ചിരിക്കെയാണ് വീണ്ടും പരാതികൾ ലഭിച്ചതെന്ന് ഈസ്റ്റ് സിഐ നിർമൽ ബോസ് പറഞ്ഞു.