തൃശൂർ: തിരുവനന്തപുരം നഗരത്തിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്നത് തൃശൂരിലെ ഗുണ്ടാ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നാലംഗ സംഘമാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ശ്രീവരാഹത്തിന് സമീപത്തുവച്ച് ബിജു എന്നയാളെ ആക്രമിച്ച് ഒന്നര കിലോയോളം സ്വർണം കവർന്നത്.
ഗുണ്ടാസംഘത്തെ പോലീസ് തൃശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ക്വട്ടേഷനെടുത്ത് സംഘം ആക്രമണം നടത്തിയതാണെന്ന് പറയുന്നു. പ്രതികളെ പിടികൂടി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ.
കാർ വാടകയ്ക്കെടുത്ത് തിരുവനന്തപുരത്തെത്തിയാണ് കവർച്ച നടത്തിയത്. റെന്റ് എ കാറെടുത്ത് ഉയർന്ന വാടകയ്ക്ക് മറിച്ചു നൽകുന്ന സംഘത്തിൽ നിന്നാണ് സംഘം കാർ തരപ്പെടുത്തിയത്. കാറുടമയിൽനിന്ന് വാഹനം വാടകയ്ക്കെടുത്ത സോമൻ എന്നയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്.
കവർച്ചയ്ക്കു ശേഷം നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച വാഹനത്തിൽ നിന്ന് സംഘത്തിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. ഫോട്ടോയും നേരത്തെ സംഘടിപ്പിച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ കൂടുതൽ എളുപ്പമായി. ഷാഡോ പോലീസ് സംഘം രണ്ടു വിഭാഗങ്ങളിലായി തിരിഞ്ഞ് തൃശൂരിലും തമിഴ്നാട്ടിലെ ദിണ്ഡിഗലിലും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാഹചര്യമൊരുക്കിയത്.