ചെങ്ങന്നൂർ: നിയമങ്ങൾക്കും ചട്ടങ്ങൾക്കും പുല്ലുവില. തിരുവൻവണ്ടൂരിൽ വീണ്ടും അനധികൃത നിലംനികത്തൽ. പഞ്ചായത്തിലെ 11-ാം വാർഡിൽ എംസി റോഡിനു സമീപം കല്ലിശ്ശേരി പറയനക്കുഴിയിൽ പാടം ബ്ലോക്ക് ആറിൽ പെട്ട നിലമാണ് ഇന്നലെ പുലർച്ചെ രണ്ടോടെ മണ്ണടിച്ച് നികത്തിയത്.
റീസർവ്വേ നന്പർ 506/13, 497/6 ഉം, (497/11) സേർവ നന്പറിൽ ഡേറ്റാ ബാങ്കിൽപ്പെട്ട നിലങ്ങൾ കഴിഞ്ഞ മെയ് ,ജൂണ്‍ മാസങ്ങളിൽ അനധികൃതമായി മണ്ണടിച്ച് നികത്തിയിരുന്നു. ഇതു സംബന്ധിച്ച് സ്വകാര്യ വ്യക്തിയുടേയും, നാട്ടുകാരുടേയും പരാതിയെത്തുടർന്ന് വില്ലേജ് ഓഫീസർ എത്തി പരിശോധന നടത്തി നിലമുടമയ്ക്ക് സ്റ്റോപ് മെമ്മോ നൽകി.
തുടർ നടപടികൾക്കായി വില്ലേജ് ഓഫീസർ താലൂക്കിന് കൈമാറി. അനധികൃത മണ്ണെടുപ്പിനും നിലം നികത്തലിനുമെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി എംഎൽഎ സജി ചെറിയാൻ വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, തഹസിൽദാർ, ആർഡിഒ, ഡപ്യൂട്ടി തഹസിൽദാർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ പോലീസ് എന്നിവരുടെ അടിയന്തിര യോഗം കഴിഞ്ഞ മാസം ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിൽ വിളിച്ച് ചേർത്തിരുന്നു.
യോഗത്തിൽ എംഎൽഎ, ആർഡിഒ അലക്സ്ജോസഫ് എന്നിവർ ഉദ്യോഗസ്ഥർക്ക് അനധികൃത മണ്ണടിക്കെതിരെ കർശനമായി നടപടി എടുക്കുവാൻ നിർദേശവും നൽകി. കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം 2008 പ്രകാരം നിലം നികത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് തുടർ കയ്യേറ്റങ്ങൾ നടക്കുന്നത്. ഇതു സംബന്ധിച്ച് സമീപവാസിയും പ്രകൃതിസംരക്ഷകനുമായ എം.എ ഹരികുമാർ വില്ലേജ് ഓഫീസർക്കും കളക്ടർക്കും പരാതി നൽകി.