കണ്ണൂർ: എടക്കാട് നടാൽ റെയിൽവേഗേറ്റ് തുറന്നു കിടക്കുന്നതിനിടെ എൻജിന് ഓടിച്ച സംഭവത്തിൽ രണ്ട് ലോക്കോ പൈലറ്റുമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ലോക്കൊ പൈലറ്റുമാർ കാട്ടിയ കൃത്യവിലോപമാണെന്ന എടക്കാട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സുധാകരൻ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ഇന്നലെ രാവിലെ 11.30ന് മംഗളൂരു ഇൻറർസിറ്റി കടന്നു പോയ ഉടൻ ഗേറ്റ് തുറന്നിരുന്നു. ഇരുവശത്തുമുള്ള വാഹനങ്ങൾ കടന്നുപോയതിനു ശേഷം തലശേരിയിൽ നിന്ന് കണ്ണൂരിലേക്കുള്ള സ്വകാര്യ ബസ് രണ്ടാമത്തെ പാളം കടക്കുന്നതിനിടെയാണ് കണ്ണൂർ ഭാഗത്ത് നിന്നും എൻജിൻ കുതിച്ചു വരുന്നത് കണ്ടത്.
ബസ് ഡ്രൈവറുടെ അവസോരിചതമായ നടപടിയാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഗേറ്റ്മാൻ നൽകിയ വിവരത്തെ തുടർന്ന് എൻജിൻ എടക്കാട് സ്റ്റേഷനിൽ പിടിച്ചിട്ടു. സംഭവം പാലക്കാട് റിപ്പോർട്ട് ചെയ്തതിനു ശേഷം എൻജിൻ പുറപ്പെട്ടു.
സിഗ്നൽ തെറ്റിച്ച് എൻജിൻ കടന്നുപോയ സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായി പാലക്കാട് റെയിൽവേഅധികൃതർ രാഷ്ട്രദീപികയോട് പറഞ്ഞു. സിഗ്നൽ മനസ്സിലാക്കുന്നതിൽ ലോക്കോ പൈലറ്റിന് വന്ന പിഴവാണ് സംഭവത്തിന് കാരണമെന്ന് ട്രാൻസ്പോർട്ട് വിംഗ് ഉദ്യോഗസ്ഥൻ പറഞ്ഞു.