ഗുരുവായൂർ: ക്ഷേത്രത്തിൽ പുതിയതായി പറനിറയ്ക്കൽ വഴിപാട് ആരംഭിച്ചു. എന്നാൽ, വഴിപാട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തന്ത്രി ചേന്നാസ് നാരായണൻ നന്പൂതരിപ്പാട് അഡ്മിനിസ്ട്രേറ്റർക്കു കത്തു നൽകി. ക്ഷേത്രത്തിൽ പറനിറയ്ക്കൽ ഇതുവരെ നിത്യവഴിപാടല്ലാത്തതിനാൽ പുതിയതായി തുടങ്ങുന്നതിനു മുൻപ് കൂടുതൽ ആലോചന നടത്തേണ്ടതുണ്ടെന്നാണ് തന്ത്രിയുടെ അഭിപ്രായം.
ഉത്സവത്തിന്റെ ആറാട്ട് ദിവസം രാത്രി ക്ഷേത്രകൊടിമരത്തിനു സമീപം പറനിറയ്ക്കൽ നടത്താറുണ്ട്.ഉത്സവ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഭഗവാൻ പുറത്തേക്കെഴുന്നുന്പോൾ ഭക്തർ പുറത്ത് പറവച്ച് എതിരേൽക്കാറുണ്ട്. എന്നാൽ, നിത്യവഴിപാട് എന്ന നിലയലിൽ പതിവില്ല. പുതിയാതായി പറ നിറയ്ക്കൽ വഴിപാട് ആരംഭിക്കുന്ന വിവരം തന്ത്രി അറിഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥനത്തിലാണ് തന്ത്രി ഇന്നലെ കത്തു നൽകിയിട്ടുള്ളത്.
കഴിഞ്ഞ ആഴ്ച ഭഗവതിയുടെ കലശച്ചടങ്ങിനിടെ തന്ത്രി ചെയർമാനോട് മാറി നിൽക്കാൻ പറഞ്ഞതും തുടർന്ന് ചെയർമാൻ തന്ത്രിയോട് വിശദീകരണം തേടിയതും വലിയ വിവാദമായിരുന്നു. ആ വിവാദം അവസാനിക്കുന്പോഴേക്കാണ് പുതിയ വഴിപാടിന്റെ പേരിൽ വീണ്ടും തർക്കമുണ്ടായിട്ടുള്ളത്.
തിങ്കളാഴ്ച രാത്രി എഴരയോടെ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പറ നിറച്ചാണ് വഴിപാട് തുടങ്ങിയത്. പിന്നീട് ഭരണസമിതി അംഗങ്ങളായ എം. വിജയൻ, കെ.കെ. രാമചന്ദ്രൻ, ഉഴമലക്കൽ വേണുഗോപാൽ ക്ഷേത്രം ഡി.എ.പി. ശങ്കുണ്ണിരാജ് എന്നിവരും പറ നിറച്ചു.
കൊടിമരത്തിനു സമീപം തെക്കുവശത്തായാണ് പറനിറയ്ക്കുന്ന വഴിപാടിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
നെല്ല്, അരി, മലർ, അവിൽ എന്നിവയാണ് പറനിറയക്കൽ വഴിപാടിന് ഉപയോഗിക്കുന്നത്.അരി പറ നിറയ്കാകൻ 300 രൂപയും നെല്ലിന് 200 രൂപ, അവിൽ, മലർ എന്നിവക്ക് 200 എന്നിങ്ങനെയാണ് നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്. ഇന്നലെ ക്ഷേത്രത്തിൽ ഭക്തർ പറനിറയ്ക്കൽ വഴിപാട് നടത്തി.
വഴിപാട് ഭരണസമിതി ചർച്ച ചെയ്തശേഷം തീരുമാനിച്ചതെന്ന് ദേവസ്വം ചെയർമാൻ
ഗുരുവായൂർ: ക്ഷേത്രത്തിൽ പുതിയതായി തുടങ്ങിയ പറ നിറയ്ക്കൽ വഴിപാട് ഭരണസമിതിയിൽ വിശദമായ ചർച്ചകൾ നടത്തിയശേഷമാണ് തുടങ്ങിയതെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. ഭരണസമിതി ചർച്ചകൾക്കുശേഷം ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയതിനുശേഷമാണ് തുടങ്ങാൻ തീരുമാനിച്ചത്.
മാസങ്ങൾക്കു മുൻപ് എടുത്ത തീരുമാനമാണിത്. തന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.തന്ത്രി ഭരണസമിതി അംഗമാണ്. യോഗങ്ങളുടെ മിനിറ്റ്സ് തന്ത്രിക്കും നൽകാറുണ്ട്. ഭക്തരുടെ സമർപ്പണമായാണ് പറ നിറയ്ക്കൽ വഴിപാട്. ഇതിനു പൂജകളോ മറ്റ് ആചാരപരമായ നടപടികളോ ആവശ്യമില്ല.
ഭക്തർ സോപാനത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതുപോലെയും തുലാഭാരം വഴിപാടുപോലെയുമുള്ള ഒരു വഴിപാടാണിത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ, വിവാദങ്ങൾ ഉണ്ടാക്കുന്നതിനോട് യോജിപ്പില്ലെന്നും ചെയർമാൻ പറഞ്ഞു. തന്ത്രി കത്ത് നൽകിയതിനെക്കുറിച്ച് അറിയില്ലെന്നും ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു.