ട്രെയിനിന്റെ എ സി കമ്പാര്‍ട്ട്മെന്റില്‍ വെള്ളം ഇരച്ചു കയറിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഘമിത്ര എക്സ്പ്രസിലായിരുന്നു സംഭവം. ശനിയാഴ്ച ബംഗളുരുവില്‍ നിന്നും പട്നയിലേക്കുള്ള യാത്രയ്ക്കിടെയാണ് യാത്രക്കാര്‍ ദുരിതത്തിലായത്. രാത്രി ആയതോടെ എ വണ്‍ കംപാര്‍ട്ട്മെന്റിന്റെ വെന്റിലേഷനില്‍ കൂടി വെള്ളം പാഞ്ഞെത്തുകയായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ ചോര്‍ച്ചയില്‍ യാത്രക്കാരും സാധനങ്ങളും നനഞ്ഞ് കുതിര്‍ന്നു. ആശങ്കയിലായ യാത്രക്കാര്‍ ഉടന്‍ തന്നെ അപായ സൈറണ്‍ മുഴക്കിയെങ്കിലും ഫലമുണ്ടായില്ല. ടിടിഇ കംപാര്‍ട്ട്മെന്റിലെത്തി യാത്രക്കാരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചതും പ്രതിഷേധം വര്‍ധിപ്പിച്ചു. എസി മെക്കനിക്ക് ട്രെയിനില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ല. യാത്രക്കാരില്‍ ഒരാളാണ് ഇതിന്റെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
ശുചിമുറിയിലെ വെള്ളമാണ് കോച്ചിലേക്ക് എത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുകളിലെ ബര്‍ത്തിന് സമീപത്ത് നിന്നും വെള്ളം ചീറ്റുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സൗകര്യാര്‍ത്ഥം എസി ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത് മര്യാദകേടാണെന്നും ഇന്ത്യന്‍ റെയില്‍വേ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും യാത്രക്കാര്‍ പറയുന്നു. യാത്രയ്ക്കിടയില്‍ ഉണ്ടായ അസൗകര്യങ്ങള്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.
संगमित्रा सुपर फ़ास्ट A1 का हाल, यात्री परेशान, pic.twitter.com/6pSzqKPjmB
— suyagya rai (@RaiSuyagya) June 29, 2019