മഞ്ചേരി: പയ്യനാട്ട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പടുത്താൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. പയ്യനാട് ചോലക്കൽ കരുവാടൻ ജാഫറി(43)നെയാണ് അന്വേഷണ ഉദ്യാഗസ്ഥനായ മലപ്പുറം ഡിവൈഎസ്പി പി.പി ഷംസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസിൽ ഏഴു പേർ അറസ്റ്റിലായി.
2019 ജനുവരി അഞ്ചിന് എസ്ഡിപിഐ പ്രവർത്തകനെ മഞ്ചേരി ചെങ്ങണയിൽ വച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അക്രമി സംഘത്തിൽ അർജുനൻ ഉണ്ടായിരുന്നുവെന്നും ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിനു കാരണമെന്നുമാണ് സൂചന.
കേസിൽ പാപ്പിനിപ്പാറ ആലുംകുന്ന് വാലഞ്ചേരി അഷ്റഫ് (45), മുള്ളന്‍പാറ കള്ളാടിത്തൊടി തറമണ്ണിൽ മുഹമ്മദ് അസ്ലം (36), മുള്ളന്‍പാറ നന്പിക്കുന്നൻ ഷിഹാബ് (39), മഞ്ചേരി കിഴക്കേതല പൊടുവണ്ണിക്കൽ അബ്ദുൾ അസീസ് എന്ന മദീന കുഞ്ഞിമാൻ (42), അബ്ദുൾ മുനീർ(39), കാരക്കുന്ന് പഴേടം ഷംനാദ് (22) എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ.
ഡിവൈഎസ്പിക്കൊപ്പം മഞ്ചേരി സിഐ സി. അലവി, എഎസ്ഐമാരായ ശ്രീരാമൻ, സുരേഷ്കുമാർ, പോലീസുകാരായ ഉണ്ണികൃഷ്ണൻ മാരാത്ത്, രാജേഷ്, പി. സഞ്ജീവ്, ദിനേഷ് ഇരുപ്പകണ്ടൻ, മുഹമ്മദ് സലീം പൂവത്തി എന്നിവരാണ് അന്വേഷണം നടത്തുന്നത്.
അറസ്റ്റിലായ പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.