കേരളത്തില്‍ നിന്നു കാണാതായ ജര്‍മന്‍ വനിത ലിസ ആത്മീയകേന്ദ്രത്തില്‍ ഒളിവിലോ ? ഇവര്‍ മുന്‍ ഭര്‍ത്താവിനയച്ച് സന്ദേശം പുറത്തായിരിക്കുകയാണ്. ‘മധുരിതമായ ഓര്‍മ്മകളുമായി പോകുന്നു, കുട്ടികളെ നന്നായി വളര്‍ത്തണം’ എന്നാണ് അവര്‍ കേരളത്തിലെത്തിയശേഷം അവസാനമായി അമേരിക്കന്‍ വംശജനായ മുന്‍ ഭര്‍ത്താവ് അബ്ദുള്‍ റഹ്മാന് ഹാഷിമിന് അയച്ച സന്ദേശം. തൊട്ടുപിന്നാലെ അമ്മയ്ക്ക് സ്വീഡിഷ് ഭാഷയില്‍ ശബ്ദസന്ദേശവും അയച്ചു. പക്ഷേ, ഈ സന്ദേശത്തിന്റെ ഉള്ളടക്കമെന്താണെന്ന് തിരിച്ചറിയാന്‍ പോലീസിനായിട്ടില്ല.
ലിസയുടെ തിരോധാനം ദുരൂഹതകള്‍കൊണ്ടു നിറയുകയാണ്. രാജ്യത്തെ പതിമൂന്ന് ആഭ്യന്തര വിമാന സര്‍വീസ് കമ്പനികളോടു ലിസയുടെ വിശദാംശങ്ങള്‍ തേടിയിരിക്കുകയാണ് പ്രത്യേകസംഘം. ലിസ കേരളത്തിലെ ഏതെങ്കിലും ആത്മീയമത സ്ഥാപനത്തില്‍ ഒളിവില്‍ കഴിയുകയായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. തിരുവനന്തപുരം നഗരത്തിലെ നൂറ്റമ്പതിലധികം ഹോട്ടലുകളും ലോഡ്ജുകളും അരിച്ചുപെറുക്കിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ലിസ കൊല്ലപ്പെടാനുള്ള സാധ്യത പ്രത്യേകസംഘം തള്ളുകയാണ്.
സംസ്ഥാനത്തെ മത-ആത്മീയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന. ലിസ ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെന്നും മത പഠന കേന്ദ്രങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും വിവരം ലഭിച്ചിരുന്നു. ഇവരുടെ യാത്രാരേഖകളില്‍ അമൃതാനന്ദപുരിയെന്നു രേഖപ്പെടുത്തിയിരുന്നു. ലിസ അമൃതാനന്ദമയീ മഠത്തിലെത്തിയിട്ടില്ലെന്നു മഠം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ വിട്ടിട്ടില്ലെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കണ്ടെത്താന്‍ ഇതര സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ സഹായം കേരള പോലീസ് തേടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാര്‍ക്ക് സിറ്റി പോലീസ് കമ്മിഷണര്‍ ദിനേന്ദ്ര കശ്യപ് കത്ത് നല്കി.