ഏറ്റൂമാനൂർ: ഏറ്റൂമാനൂർ നഗരസഭ ആസ്ഥാനത്തിനു സമീപം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ സ്ഥിതിചെയ്യുന്ന പച്ചക്കറി മാർക്കറ്റിനും പൂട്ടിക്കിടക്കുന്ന ബാർ ഹോട്ടലിനും ഇടയിൽ വലിയ തോതിൽ മാലിന ജലം കെട്ടിക്കിടക്കുന്നു. കറുത്ത നിറത്തിൽ ദുർഗന്ധം വമിക്കുന്ന വെള്ളത്തിൽ ഇപ്പോൾ കൊതുകും രോഗം പരത്തുന്ന മറ്റ് ജീവികളും പെരുകുകയാണ്.
ഇവിടത്തെ മലിനജലം ഒഴുക്കി വിടുന്നതിനായി കഴിഞ്ഞ നഗരസഭ കൗണ്‍സിൽ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടപടി ഒന്നും ആയിട്ടില്ല. ചെറിയ ഒരു ഓട വെട്ടി വിടുക മാത്രമാണ് ആകെ ചെയ്തിട്ടുള്ളത്. അത് അവിടെ കെട്ടിക്കിടക്കുന്ന ജലം മുഴുവൻ ഒഴുകി പോകാൻ കഴിയുന്നതല്ല.
മുൻപും ഇതേ സ്ഥലത്ത് മഴക്കാലങ്ങളിൽ വെള്ളം കെട്ടിക്കിടന്നിട്ടുണ്ട്. പച്ചക്കറി മാർക്കറ്റ് മാറ്റി നിർമിച്ചപ്പോൾ മണ്ണിട്ട് ഉയർത്തിയതോടെയാണ് ഇതിനിടയിൽ കുഴി രൂപപ്പെട്ടത്. ഓട വെട്ടി വിടുന്നതിന് പകരം മണ്ണിട്ട് കുഴി നികത്തിയാൽ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിക്കൂ എന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്.
പച്ചക്കറി മാർക്കറ്റിന് സമീപം ഇത്തരത്തിൽ മലിന ജലം കെട്ടിക്കിടക്കുന്നത് കൂടുതൽ അപകടകരമായ അസുഖങ്ങൾക്കും കാരണമാകും.