തൊടുപുഴ: റിമാൻഡ് പ്രതി രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണം നേരിടുന്ന എസ്പി കെ.ബി.വേണുഗോപാലിനെ സ്ഥലം മാറ്റും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ എസ്പി ഗുരുതര വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് എസ്പിയെ സ്ഥലം മാറ്റുന്നത്. രാജ്കുമാറിനെ നാലു ദിവസം കസ്റ്റഡിയിൽ സൂക്ഷിച്ച വിവരം അറിഞ്ഞില്ലെന്നായിരുന്നു എസ്പിയുടെ നിലപാട്. എന്നാൽ എസ്പി കസ്റ്റഡി വിവരം അറിഞ്ഞിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
2017 മുതൽ ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്നു കെ.ബി.വേണുഗോപാൽ. ഇതിനിടെ കസ്റ്റഡി മരണത്തിൽ പങ്കാളികളായ കൂടുതൽ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘം നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും കൂടുതൽ അറസ്റ്റിലേക്കു കടക്കുക. ഇപ്പോൾ അന്വേഷണ സംഘം അറസ്റ്റു ചെയ്ത എസ്ഐ കെ.എ.സാബു കേസിൽ ഒന്നാം പ്രതിയും സിപിഒ സജീവ് ആന്റണി നാലാംപ്രതിയുമാണ്. രണ്ടു പ്രതികളെക്കൂടി ഉടൻ അറസ്റ്റു ചെയ്തേക്കും.
ഇതിനു പുറമെ പീരുമേട് സബ് ജയിൽ അധികൃതർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വന്നു . രാജ് കുമാറിന് ജയിലിൽ ക്രൂരമർദനമേറ്റിരുന്നുവെന്ന് സഹ തടവുകാരൻ അന്വേഷണ സംഘത്തിനു മൊഴി നൽകി. ചെങ്കര സ്വദേശി കണ്ണനാണ് രാജ്കുമാറിനേറ്റ മർദനത്തപ്പറ്റി ഒടുവിൽ മൊഴി നല്കിയത്. കഴിഞ്ഞ ദിവസം ഇതേ വെളിപ്പെടുത്തൽ നടത്തിയ സുനിൽ സുകുമാരനിൽ നിന്നും അന്പേഷണ സംഘം മൊഴിയെടുത്തിരുന്നു.
രാജ് കുമാറിനെ പീരുമേട് സബ് ജയിലിൽ എത്തിച്ചതിന് ശേഷം മദ്യ ലഹരിയിലായിരുന്ന ഹെഡ് വാർഡൻ ക്രൂരമായി മർദിച്ചതായാണ് മൊഴി. നെടുംകണ്ടം ജയിലിൽ നിന്നേറ്റ മർദനത്തെ തുടർന്ന് തീർത്തും അവശനായി എഴുന്നേൽക്കാൻ പോലും കഴിയാതെ സബ് ജയിലിൽ ഇരിക്കുകയായിരുന്നു. നിന്നെ എഴുന്നേൽപ്പിക്കാൻ ഞങ്ങൾക്കറിയാം തുടങ്ങി അസഭ്യവർഷത്തോടെ മർദിക്കുകയായിരുന്നെന്നാണ് ഇയാൾ പറഞ്ഞത്.
നെഞ്ചു വേദനയെ തുടർന്ന് രാജ്കുമാർ രാത്രി മുഴുവൻ അലറി ക്കരഞ്ഞിട്ടും ഭക്ഷണവും കുടിവെള്ളവും നല്കുവാൻ പോലും ജയിൽ ഉദ്യോഗസ്ഥർ തയാറായില്ല. രാജ് കുമാറിന്റെ മരണ ശേഷം മാത്രമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും സഹതടവുകാരുടെ മൊഴിയിൽ പറയുന്നു.ആദ്യഘട്ടത്തിൽ പൂർണമായും നെടുങ്കണ്ടം പോലിസിന് ഒത്താശ നല്കുന്ന രീതിയിലാണ് ജയിൽ അധികൃതർ പെരുമാറിയത്. ഇതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നാണ് സൂചന.ജയിലിൽ നടന്ന നിയമലംഘനത്തെകുറിച്ച് ജയിൽ ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരുന്നുണ്ട്.
ഹരിത ഫൈനാൻസ് തട്ടിപ്പു കേസിൽ ജാമ്യത്തിലിറങ്ങിയ രണ്ടാംപ്രതി ശാലിനിയെ ജാമ്യത്തിലിറങ്ങിയതിനു ശേഷം കാണാതായെന്നും പരാതിയുണ്ട്. രാജ്കുമാറിന്റെ അടുത്ത സഹായിയായിരുന്ന ഇവർ ഭാര്യാ ഭർത്താക്കൻമാരെന്ന നിലയിലാണ് തൂക്കുപാലത്ത് താമസിച്ചിരുന്നത്. ജാമ്യത്തിലിറങ്ങിയതിനു േശേഷം ശാലിനി വീട്ടിലെത്തിയിട്ടില്ല. കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇവർ പുറത്തിറങ്ങി പെരുവന്താനം വരെ എത്തിയതിനു ശേഷമാണ് കാണാതായത്. പരാതി ഉയർന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറം കേന്ദ്രീകരിച്ചുള്ള ഒരു അഭിഭാഷകനാണ് ഹരിതാ ഫിനാൻസിന്റെ ഉടമയെന്നും പിരിച്ചെടുത്ത തുക അവിടെ എത്തിച്ചുവെന്നും മൂന്നാം പ്രതി മഞ്ജു വെളിപ്പെടുത്തിയതോടെ ആ നിലയ്ക്കും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. . നിക്ഷേപകരിൽ നിന്നും പിരിച്ചെടുത്ത തുക ദിവസവും രാജ്കുമാർ കുമളിയിൽ എത്തിച്ച് രാജുവെന്നയാൾക്ക് കൈമാറിയിരുന്നു. ഈ തുക ഇയാൾ മലപ്പുറത്തുള്ള അഭിഭാഷകനായ നാസർ എന്നയാളിന് കൈമാറുകയായിരുന്നുവെന്നാണ് മഞ്ജു വെളിപ്പെടുത്തിയത്.
നാസറിനെ നേരിട്ട് കണ്ടിട്ടില്ലായെന്നും ഇയാൾ സ്ഥാപനത്തിൽ വന്നിട്ടുമില്ലായെന്നുമാണ് മഞ്ജുവിന്റെ വെളിപ്പെടുത്തൽ. 12ന് പൊലീസ് കസ്റ്റഡിലായ മഞ്ജുവിനേയും ശാലിനിയേയും വനിതാ പോലീസ് താഴത്തെ നിലയിൽ വച്ച് മർദിച്ചു. രാജ്കുമാറിനെ പോലീസിന് കൈമാറുന്പോൾ നാട്ടുകാർ മർദിച്ചിരുന്നില്ലായെന്നും കസ്റ്റഡിയിൽ എത്തിയതിന് ശേഷം രാജ്കുമാറിന് വലിയ ക്ഷീണം ഉണ്ടായെതെന്നും മഞ്ജു പറയുന്നു.
സ്റ്റേഷന്റെ രണ്ടാമത്തെ നിലയിലാണ് രാജ്കുമാറിനെ പാർപ്പിച്ചത്. രാത്രി 10.30നു പോലീസ് കുമാറുമായി വാഗമണിലേക്കു പോയി. മടങ്ങി എത്തിയപ്പോൾ കുമാർ കൂടുതൽ ക്ഷീണിതനായിരുന്നു. സ്ഥാപനം ആരംഭിച്ചപ്പോൾ 12000 മുതൽ 30000 രൂപ വരെ വേതനം വാഗ്ദാനം ചെയ്താണ് ജീവനക്കാരെ ഹരിത ഫിനാൻസിലേക്കു എടുത്തത്. ദിനംപ്രതി 20000 മുതൽ 25000 രൂപ വരെ കളക്ഷനുണ്ടായിരുന്നു. ഒരു ദിവസം മാത്രം 95000 രൂപ കളക്ഷൻ ലഭിച്ചു.
12നു വായ്പ അപേക്ഷകർ ബഹളം വച്ചതോടെയാണ് കുട്ടിക്കാനത്തു കുമാർ 4.63 കോടി രൂപ നിക്ഷേപിച്ച ബാങ്കിൽ അപേക്ഷകർക്ക് ഒപ്പം എത്തിയത്. ബാങ്കിൽ പണം ഉണ്ടെന്നു കുമാർ പറഞ്ഞു. ഇതിൽ സംശയം തോന്നിയതിനെ തുടർന്ന് മാനേജരുമായി സംസാരിച്ചപ്പോഴാണ് പണം ഇല്ലെന്നു മനസിലായതെന്നും മഞ്ജു പറയുന്നു.
തുടർന്നാണ് നാട്ടുകാർ മൂന്നുപേരെയും നെടുങ്കണ്ടം പോലീസിന് കൈമാറുന്നത്. ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായ തന്നെയും പൊലീസ് പ്രതി ചേർത്തു. 2.30 ലക്ഷം രൂപ പോലീസ് ശാലിനിയുടെ ബാഗിൽ നിന്നും, കുമാറിന്റെ കൈവശത്തു നിന്നും 72000 രൂപയും പിടിച്ചെടുത്തിരുന്നു. കുമാറിനെ പോലീസിനു കൈമാറിയതു പൂർണ ആരോഗ്യത്തോടെയെന്നും മഞ്ജു പറയുന്നു. ജനങ്ങൾ കുമാറിനെ ഉപദ്രവിച്ചിട്ടില്ലെന്നും മഞ്ജു പറഞ്ഞു.
പോലീസ് ക്ംപ്ലയിന്റ് അഥോറിറ്റി ചെയർമാൻ റിട്ട.ജസ്റ്റിസ് വി.കെ.മോഹനൻ ഇന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും പീരുമേട സബ് ജയിലിലും സന്ദർശനം നടത്തും. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് ചെയർമാൻ പറഞ്ഞു. പി.ടി.തോമസ് എംഎൽഎ അഥോറിറ്റിക്കു രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു.