തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കാണാതായ ജർമ്മൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ലുക്കൗട്ട് നോട്ടീസിന്റെ പകർപ്പുകൾ കൈമാറി.
ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോളിന്റെയും വിവിധ സംസ്ഥാനങ്ങളിലെ പോലീസിന്റെയും സഹായം കേരളാ പോലീസ് തേടിയിട്ടുണ്ട്. അഡീഷണൽ കമ്മീഷണർ സഞ്ജയ്കുമാർ ഗരുഡിന്റെ നേതൃത്വത്തിൽ നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിൽ, എഎസ്പി. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ലിസയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
മൂന്ന് മാസം മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ വെയ്സിനെ പിന്നീട് കാണാതായെന്ന് കാട്ടി മാതാവ് ജർമ്മൻ പോലീസിനും എംബസിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള പോലീസ് അന്വേഷണം ആരംഭിച്ചത്.
മാർച്ച് അഞ്ചിന് ജർമനിയിൽ നിന്ന് പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്ന് കാട്ടി മാതാവ് ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നു. പിന്നീട് പരാതി ഡിജിപിക്കു കൈമാറിയശേഷം വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു.