റാന്നി: മഴക്കാലം ശക്തമല്ലെങ്കിലും പനി ബാധിതരുടെ എണ്ണം കൂടുന്നു. മുതിർന്നവരേക്കാളും കുട്ടികളെയാണ് പനി ഏറെ ബാധിച്ചിട്ടുള്ളത്. തുടർച്ചയായുള്ള പനി മൂലം താലൂക്കിലെ പല വിദ്യാലയങ്ങിലും ക്ലാസുകളിൽ കുട്ടികളുടെ ഹാജർ നില പകുതിയോളമാണ്. സ്കൂളുകളിൽ തന്നെ പനി ക്ലിനിക്കുകൾ തുടങ്ങേണ്ട അവസ്ഥയാണിപ്പോഴുള്ളത്. റാന്നി താലൂക്കിൽ ആകമാനം പനി ശക്തമായി തുടരുകയാണ്. തോട്ടം മേഖലയിൽ പലയിടങ്ങളിലും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങളും ഭീതി പരത്തുന്നുണ്ട്.
സ്കൂളുകളിൽ ഒരു ക്ലാസിൽ തന്നെ പത്തിലേറെ കുട്ടികളാണ് പനി മൂലം എത്താൻ കഴിയാത്തത്. മിക്ക സ്കൂളുകളിലെയും സ്ഥിതിയാണിത്. വൈറൽ പനി പിടിപെട്ടാൽ ഒരാഴ്ചയോളമെടുത്തേ സുഖമാകൂ. ഇതു മൂലം ചെറിയ പനിയുണ്ടായാൽ പോലും മറ്റു കുട്ടികൾക്കു കൂടി പിടിപെടാതിരിക്കാൻ പനി ബാധിതരെ തത്കാലം സ്കൂളിലയക്കരുതെന്നാണ് അധികതർക്ക് രക്ഷിതാക്കളോടുള്ള അഭ്യർത്ഥന. മരുന്നിനും ഭക്ഷണത്തിനുമൊപ്പം ശശിയായ വിശ്രമം ലഭിച്ചാലേ പനി പൂർണമായും മാറുകയുള്ളു.
പനി പടർന്നുപിടിക്കുന്പോഴും മതിയായ ചികിത്സ സർക്കാർ ആതുരാലയങ്ങളിൽനിന്നു ലഭ്യമാകുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നു. വെച്ചൂച്ചിറ, നാറാണംമൂഴി, റാന്നി, പെരുനാട് ,പഴവങ്ങാടി, വടശേരിക്കര പഞ്ചായത്തുകളിലും പനിബാധിതരുടെ എണ്ണം ദിവസേന കൂടുകയാണ്. വെച്ചൂച്ചിറ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സാ സൗകര്യമില്ലാത്തത് രോഗികളെ വലയ്ക്കുന്നു.
നാറാണംമൂഴി പിഎച്ച്സി യിൽ ദിവസേന ഇരുനൂറിലേറെ രോഗികൾ എത്തുന്നുണ്ടെങ്കിലും പല ദിവസങ്ങളിലും ഡോക്ടർ ഉണ്ടാകില്ലെന്നാണ് പരാതി. ഇവിടെ മരുന്നിന്റെ കുറവും സാധാരണക്കാരെ വലക്കുകയാണ്. കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനായി കെട്ടിട നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ആവശ്യമാണെങ്കിലും ആഴ്ചയിലെ പല ദിവസങ്ങളിലും ഡോക്ടർ ആശുപത്രിയിലില്ലാത്ത സ്ഥിതിയാണ്.
പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നാമമാത്രമായി ഡോക്ടറുടെ സേവനം ലഭ്യമാണെങ്കിലും കിടത്തിച്ചികിത്സാ സൗകര്യമില്ലാത്തത് പ്രദേശത്തെ നിർധനരായ രോഗികളെ വലയ്ക്കുന്നു. റാന്നി താലൂക്കാശുപത്രിയിൽ നിത്യവും എത്തുന്ന രോഗികളുടെ ബാഹുല്യമനുസരിച്ച് ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന പരാതി നിലനിൽക്കുകയാണ്. കൂടുതൽ മരുന്നുകളും പുറത്തേക്ക് കുറിച്ചു കൊടുക്കുകയാണെന്നും പരാതിയുണ്ട്.