നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ നാണയ വിനിമയ തട്ടിപ്പ് പിടികൂടിയ കേസിൽ കസ്റ്റംസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും. റിസർവ് ബാങ്കിന്റെ നിർദേശാനുസരണമായിരിക്കും ഈ കേസിൽ തുടർ നടപടികൾ സ്വീകരിക്കുക. വിമാനത്താവളത്തിൽ വിദേശ നാണയ വിനിമയം നടത്തുന്ന മൂന്ന് സ്ഥാപനങ്ങളിലാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം മിന്നൽ പരിശോധന നടത്തിയത്.
പരിശോധനയിൽ രണ്ട് വർഷത്തിനിടെ നടത്തിയ കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തിരുന്നു.ഈ കാലയളവിൽ മൂന്ന് സ്ഥാപനങ്ങളിലായി 2100 ഓളം ഇടപാടുകൾ നടന്നിട്ടുണ്ട്. വിദേശത്തുനിന്നും വരുന്ന ഒരാൾക്ക് പരമാവധി 25000 രൂപയുടെ വിദേശ കറൻസി മാറിയെടുക്കാനാണ് നിയമപരമായി അനുവാദമുള്ളത്. ഇതിന് പാസ്പോർട്ടിലെ വിവരങ്ങളും നൽകണം. എന്നാൽ ഒരു പാസ്പോർട്ട് ഉപയോഗിച്ചുള്ള ഇടപാടിൽ തന്നെ രണ്ട് മുതൽ പത്ത് വരെ ഇടപാടുകൾ നടന്നിട്ടുള്ളതായാണ് വിവരം.
ഇതുവരെയുള്ള കണക്കനുസരിച്ച് എട്ട് കോടിയോളം രൂപ വിനിമയം നടത്തിയതായി വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് നടത്തിയത് സംബന്ധിച്ച വിശദമായ രേഖകൾ വിമാനത്താവളത്തിനുളളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. രേഖകളുടെ വിശദമായ പരിശോധന ഇപ്പോഴും തുടരുകയാണ്. വിമാനത്താവളത്തിൽ വിദേശ നാണയ വിനിമയം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾ പരിധി ലംഘിച്ചുകൊണ്ട് വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി കസ്റ്റംസ് രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എന്‍ഫോഴ്സ്മെന്റിന്റെയും നിർദേശാനുസരണമായിരിക്കും ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുക. വിമാനത്താവളത്തിലെ എല്ലാ പരിശോധനകളും കടന്ന് യാത്രക്കാര്‍ വിശ്രമിക്കുന്ന സെക്യൂരിറ്റി ഹോള്‍ഡ് ഏരിയകളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളില്‍ കാര്യമായ രീതിയില്‍ പരിശോധനകള്‍ നടക്കാറില്ല.
അതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തിയും വര്‍ധിക്കുമെന്നാണ് എയര്‍ കസ്റ്റംസിന്റെ വിലയിരുത്തൽ. ഇത് കണക്കിലെടുത്ത് വിദേശ നാണയ വിനിമയം സംബന്ധിച്ച നിയന്ത്രങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് കസ്റ്റംസ് തീരുമാനം.